isro’s historical mission on february 15

ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ ചരിത്രദൗത്യം ഫെബ്രുവരി 15ന് നടക്കും. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തില്‍നിന്ന് വിക്ഷേപിക്കുന്ന 104 ഉപഗ്രഹങ്ങള്‍ ഒറ്റദൗത്യത്തില്‍ ഭ്രമണപഥത്തിലെത്തിക്കും.

ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റദൗത്യത്തില്‍ നൂറിലേറെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.

ഐ.എസ്.ആര്‍. ഒ.യുടെ പടക്കുതിരയെന്ന വിശേഷണമുള്ള പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ശ്രേണിയിലെ പി.എസ്.എല്‍.വി സി 37 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം.

സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറയില്‍നിന്ന് 15ന് രാവിലെ 9.28ന് ഉപഗ്രഹങ്ങളുമായി റോക്കറ്റ് കുതിച്ചുയരും. കാര്‍ട്ടോസാറ്റ് 2 ശ്രേണിയില്‍പ്പെട്ട ഉപഗ്രഹവും കൂട്ടത്തിലുണ്ട്.

ഭൗമനിരീക്ഷണം ലക്ഷ്യംവെച്ചുള്ള കാര്‍ട്ടോസാറ്റ് 2 ശ്രേണിയിലെ ഉപഗ്രഹത്തിന് 714 കിലോഗ്രാം ഭാരമുണ്ട്. മറ്റ് 103 ചെറു ഉപഗ്രഹങ്ങള്‍ക്ക് 664 കിലോഗ്രാം ഭാരമുണ്ട്.

ഭൂമിയില്‍നിന്ന് 505 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം. റെക്കോര്‍ഡല്ല ലക്ഷ്യമെന്നും ഓരോദൗത്യവും പരമാവധി പ്രയോജനപ്പെടുത്തുകയാണ് കൂടുതല്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കിരണ്‍കുമാര്‍ പറഞ്ഞു.

Top