ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതി ഗഗന്‍യാന്റെ വിക്ഷേപണ പരീക്ഷണങ്ങള്‍ ഇന്ന്; പ്രതീക്ഷയോടെ രാജ്യം

ശ്രീഹരിക്കോട്ട: ഗഗന്‍യാന്റെ വിക്ഷേപണ പരീക്ഷണങ്ങള്‍ ഇന്ന്. മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിയാണ് ഗഗന്‍യാന്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നാണ് വിക്ഷേപണം. സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റമാണ് വിക്ഷേപണത്തിലൂടെ പരീക്ഷിക്കുന്നത്.

8 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷണത്തിന് ശേഷം, ക്രൂ മൊഡ്യൂള്‍ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിക്കും. 17 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് മൊഡ്യൂള്‍ വേര്‍പെട്ട് കടലിലേയ്ക്ക് സുരക്ഷിതമായി ഇറക്കുക. ശ്രീഹരിക്കോട്ടയില്‍ പത്ത് കിലോമീറ്റര്‍ അകലെ നങ്കൂരമിട്ടിട്ടുള്ള നേവിയുടെ കപ്പലിലാണ് ക്രൂ മൊഡ്യൂള്‍ ഇറങ്ങുക.

ടെസ്റ്റ് മെഡ്യൂള്‍ അബോര്‍ട് മിഷന്‍ എന്നാണ് പരീക്ഷണ ദൗത്യത്തിന് നല്‍കിയിട്ടുള്ള പേര്. സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിക്കുക. അപകട സാധ്യതയുള്ള ഇടങ്ങളില്‍ ഇത്തരത്തില്‍ തുടര്‍ പരീക്ഷണങ്ങള്‍ നടത്തും. അതിനു ശേഷം, മനുഷ്യരില്ലാതെ ഒരു പര്യവേഷണം കൂടി നടത്തിയ ശേഷമാകും മനുഷ്യരെയും കൊണ്ട് ഗഗന്‍യാന്‍ കുതിക്കുക.

Top