ഭ്രമണപഥത്തില്‍ താല്‍ക്കാലിക ‘തട്ടകം’; ഐഎസ്ആര്‍ഒ പരീക്ഷണം നാളെ

തിരുവനന്തപുരം; റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന ആദ്യ സാങ്കേതിക ക്ഷമതാ പരിശോധനയ്‌ക്കൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി സി44 വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തില്‍ പരീക്ഷണങ്ങള്‍ക്കായി താല്‍ക്കാലിക ‘മഞ്ചം’ തീര്‍ക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്റെറില്‍ നിന്നായിരിക്കും പിഎസ്എല്‍വി വിക്ഷേപിക്കുക.

ഒന്നാമത്തെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് രാത്രി പന്ത്രണ്ടിന് രണ്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി റോക്കറ്റ് കുതിക്കും. സൈനിക ആവശ്യത്തിനുള്ള മൈക്രോസാറ്റ്ആര്‍, പരീക്ഷണ ഉപഗ്രഹമായ കലാംസാറ്റ് എന്നിവയാണിവ. വിക്ഷേപണത്തിന്റെ പതിനാലാം മിനിട്ടില്‍ മൈക്രോസാറ്റ് റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് ലക്ഷ്യത്തിലേക്കെത്തും. തുടര്‍ന്ന് റോക്കറ്റിന്റ നാലാം ഘട്ടം(പിഎസ്4) പരീക്ഷണതട്ടകമായി മാറും. 450 കിലോമീറററിനു മുകളിലുള്ള ഭ്രമണപഥത്തിലേക്ക് കലാംസാറ്റുമായി കുതിക്കുന്ന ഈ തട്ടകം ഉപഗ്രഹവുമായി ഭൂമിയെ ചുററും.

വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് അവശേഷിക്കുന്ന ഉപഗ്രഹഭാഗങ്ങ(ബഹിരാകാശ മാലിന്യം)ളെ ഉപയോഗപ്പെടുത്തുന്ന ആദ്യ പരീക്ഷണമാണിത്. ഉപഗ്രഹത്തിന്റെ ‘മഞ്ച’മായി റോക്കറ്റ് ഭാഗം മാറും. ഇതിനായി ഈ ഭാഗത്ത് പ്രത്യേക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഐഎസ്ആര്‍ഒ വികസിപ്പിച്ച ലിഥിയം ബാറ്ററി ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുക.

Top