‘ആശങ്ക പെരുപ്പിക്കുന്നു’, സർക്കാരിന് അതൃപ്തി; ജോശിമഠിലെ ഐഎസ്ആർഒ റിപ്പോർട്ട് പിൻവലിച്ചു

ഡൽഹി: ഉത്തരാഖണ്ഡിലെ ജോശിമഠിൽ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്നു മുന്നറിയിപ്പു നൽകിയ റിപ്പോർട്ട് ഐഎസ്ആർഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോർട്ട് വെബ്‌സൈറ്റിൽനിന്നു നീക്കിയതെന്നാണ് വിശദീകരണം. സർക്കാരിന്റെ അതൃപ്തിയെത്തുടർന്നാണ് റിപ്പോർട്ട് നീക്കിയതെന്നാണ് സൂചനകൾ. ഒഴിപ്പിക്കൽ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് സർക്കാർ അതൃപ്തി അറിയിച്ചിരുന്നു.

2022 ഡിസംബർ 27 നും 2023 ജനുവരി എട്ടിനുമിടയിൽ 12 ദിവസത്തിനിടെ ജോശിമഠ് 5.4 സെന്റീമീറ്റർ താഴ്ന്നതായാണ് ഐഎസ്ആർഒ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഭൂമിയുടെ ഇടിഞ്ഞു താഴലിന്റെ വേഗം വർധിക്കുന്നതായും ഐഎസ്ആർഒ മുന്നറിയിപ്പ് നൽകിയിരുന്നു.

2022 ഏപ്രിലിനും നവംബറിനുമിടയിൽ ഏഴു മാസത്തിനിടെ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാൽ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. പത്തുമാസങ്ങൾക്കിടെ ആകെ 14.4 സെന്റിമീറ്റർ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങൾ സഹിതം ഐഎസ്ആർഒ വ്യക്തമാക്കുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കാർട്ടോസാറ്റ് 2 എസ് സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ജോശിമഠ് സിറ്റി ഏതാണ്ട് പൂർണമായും ഇടിഞ്ഞു താഴുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ജോശിമഠിലെ ആർമി ഹെലിപ്പാഡ്, നരസിംഹ ക്ഷേത്രം എന്നിവയെല്ലാം അപകടമേഖലയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജോശിമഠ് ഔലി റോഡും തകരുമെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ടൗണിലും സമീപപ്രദേശങ്ങളിലെയും റോഡുകളിലും പ്രത്യക്ഷപ്പെട്ട വിള്ളലുകളെ കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും പഠനം തുടരുകയാണ്. ഐഎസ്ആർഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റുന്നതിന് ഉത്തരാഖണ്ഡ് സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്.

Top