വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറെയും ഉണ‍ർത്താ‌ന്‍ തീവ്ര ശ്രമവുമായി ഐ.എസ്.ആര്‍.ഒ

ബെം​ഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ചന്ദ്രയാന്‍ – മൂന്ന് ദൗത്യത്തിലെ വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറെയും ഉണര്‍ത്താന്‍ ശ്രമിച്ച് ഐ.എസ്.ആര്‍.ഒ. വിക്രം ലാന്‍ഡറുമായും പ്രഗ്യാന്‍ റോവറുമായും ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ഉണര്‍ന്നിരിക്കുകയാണോയെന്ന് ഉറപ്പാക്കുന്നതിന് ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഎസ്ആര്‍ഒ എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തന ക്ഷമമായോ എന്നറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ദൗത്യം ഉണരുമോ എന്നറിയാനുള്ള കാത്തിരിപ്പിനിടെയാണ് ഇന്ന് വൈകിട്ട് 6.48ഓടെ ഐഎസ്ആര്‍ഒയുടെ അറിയിപ്പെത്തിയത്. ഇപ്പോള്‍ സിഗ്നല്‍ ലഭിച്ചില്ലെങ്കിലും അധികം വൈകാതെ ശുഭവാര്‍ത്തയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.

ഓട്ടോമാറ്റിക്ക് ആയി ലാന്‍ഡറും റോവറും ഉണരുന്നതിനായി ചില സര്‍ക്യൂട്ടുകള്‍ നേരത്തെ തന്നെ അതില്‍ സൂക്ഷിച്ചിരുന്നുവെന്നും അതിനായി പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നുമാണ് നേരത്തെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞിരുന്നത്. ഉണരുന്നതിന് ഇനിയും സമയം ഉണ്ടെന്നും വെള്ളിയാഴ്ച രാത്രിയോടെയോ ശനിയാഴ്ചയോ അത് സംഭവിച്ചേക്കാമെന്നും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. പൂര്‍ണമായും ലാന്‍ഡറും റോവറും പ്രവര്‍ത്തന ക്ഷമമാക്കുകയെന്നത് വിദൂര സാധ്യതയാണെങ്കിലും അതുണ്ടായാല്‍ അടുത്ത 14 ഭൗമ ദിനങ്ങള്‍ കൂടി ചന്ദ്രനില്‍ പര്യവേക്ഷണം തുടരാനാകും.

സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്കാണ് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്ക് മാറിയത്. സെപ്റ്റംബര്‍ രണ്ടിനാണ് പ്രഗ്യാന്‍ റോവറിനെ ഉറക്കിയത്. ലാൻഡറും റോവറും പ്രവർത്തനം തുടങ്ങുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. നിർദ്ദിഷ്ട ദൗത്യ കാലാവധി വിജയകരമായി പൂർത്തിയാക്കി, ചന്ദ്രനെ കുറിച്ച് ഇത് വരെ അറിയാത്ത പല രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ടുവന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ഉറങ്ങും മുമ്പ് വിജയകരമായി പൂർത്തിയാക്കിയ ചാട്ടവും രണ്ടാം ‘സോഫ്റ്റലാൻഡിങ്ങും’ ഇസ്രൊ എഞ്ചിനിയറിംഗിങ് മികവിന്റെ സാക്ഷ്യമാണ്. ഇനി ഉറക്കമെണീറ്റില്ലെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ നൽകിയ ദൗത്യമാണ് ചന്ദ്രയാൻ മൂന്ന് എന്ന യാഥാർത്ഥ്യത്തിൽ മാറ്റമില്ല. എങ്കിലും ലാൻഡറും റോവറും വീണ്ടും എഴുന്നേറ്റാൽ അത് വൻ നേട്ടമാകും.

ന്യൂക്ലിയർ ഹീറ്റിംഗ് സംവിധാനമൊന്നുമില്ലാതെ ചാന്ദ്ര രാത്രിയിലെ അതിശൈത്യം അതിജീവിക്കാൻ ലാൻഡറിനായാൽ ഇന്ത്യൻ സാങ്കേതിക വിദ്യയുടെ മികവിന്റെ സാക്ഷ്യമാകും. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാൻഡിങ്ങ് സ്ഥാനത്ത് ബുധനാഴ്ചയാണ് സൂര്യൻ ഉദിച്ചത്. എന്നാല്‍, ലാൻഡറിന്റെ സോളാർ പാനലുകൾക്ക് ഊർജ്ജോത്പാദനം നടത്താൻ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താനാണ് ഇതുവരെ കാത്തിരുന്നത്.

സെപ്റ്റംബര്‍ 22നുള്ളില്‍ അനുകൂല സാഹചര്യം ഉണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നത്. ഇതുവരെ വിവരം ലഭിച്ചിട്ടില്ലെങ്കിലും വരും മണിക്കൂറുകളില്‍ ഇതുസംബന്ധിച്ച സിഗ്നല്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്തായാലും സിഗ്നല്‍ ലഭിച്ചോയെന്നറിയാനുള്ള കാത്തിരിപ്പ് ഇനിയും നീളും. വിക്രമും പ്രഗ്യാനും ഉണർന്നിരിക്കുന്നത് ബോണസായിരിക്കുമെന്നും ഇരുവരും അയച്ച ഡാറ്റ പുതിയ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷയെന്നുമാണ് നേരത്തെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്.

Top