ചന്ദ്രയാനില്‍ പതറില്ല; ഗഗന്‍യാന്‍ ഉടന്‍ കുതിച്ചുയരുമെന്ന് ഐ.എസ്.ആര്‍.ഒ . . .

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ സംഭവിച്ച നേരിയ തിരിച്ചടി ‘ഗഗന്‍യാന്‍’ ദൗത്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഐ.എസ്.ആര്‍.ഒ. 2022ലാണ് ഗഗന്‍യാന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക. ചന്ദ്രയാന്‍ ദൗത്യത്തിനും ഗഗന്‍യാനിനും രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഉള്ളതെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.

”ചന്ദ്രയാനില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനും അവരെ സുരക്ഷിതമായി ഭൂമിയില്‍ തിരികെ എത്തിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ‘ഗഗന്‍യാന്‍’ പദ്ധതി. ചന്ദ്രയാന്‍ തിരിച്ചടി യാതൊരു വിധത്തിലും ബാധിക്കില്ല. സാറ്റലൈറ്റ് ദൗത്യങ്ങളും, മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും യാതൊരു കുഴപ്പവും ഇല്ലാതെ തന്നെ മുന്നോട്ട് പോകും. ഓരോ ദൗത്യവും ഓരോ തരത്തിലുള്ളതാണ്.’-ബംഗളുരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തെ എര്‍ത്ത് ഒബ്‌സര്‍വേഷന്‍സ് ആപ്‌ളിക്കേഷന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രോഗ്രാം ഓഫീസിലെ ഡയറക്ടര്‍ പി.ജി.ദിവാകര്‍ പറയുന്നു.

ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95 ശതമാനം വിജയമെന്ന് വ്യക്തമാക്കി ഐ.എസ്.ആര്‍.ഒ ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. നേരത്തെ പദ്ധതിയിട്ടതില്‍ നിന്ന് ആറുവര്‍ഷം കൂടുതലാണിത്.

100 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ 2379 കിലോഗ്രാം ഭാരമുള്ള ഓര്‍ബിറ്റര്‍ ഏഴുവര്‍ഷത്തിലേറെ ചന്ദ്രനെ വലംവയ്ക്കും. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ബിറ്ററിലുള്ള ഉപകരണങ്ങള്‍ ശേഖരിച്ച് ഭൂമിയിലെ കണ്‍ട്രോള്‍ റൂമിന് കൈമാറുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

Top