അയല്‍രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനം; സാര്‍ക് ഉപഗ്രഹ വിക്ഷേപണം മേയ് അഞ്ചിന്

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാര്‍ഥ്യമാകുന്നു.

താരതമ്യേന ചെറിയ ചെലവില്‍ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ലോകരാജ്യങ്ങളുടെ കയ്യടി നേടിയ ഇന്ത്യ, ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണ സംഘമായ ‘സാര്‍ക്കി’നായി നിര്‍മിച്ച വാര്‍ത്താ വിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം മേയ് അഞ്ചിനു നടത്തുമെന്ന് പ്രഖ്യാപിച്ചു.

മേഖലയില്‍ സ്വാധീനം വളര്‍ത്താന്‍ ചൈന കിണഞ്ഞു ശ്രമിക്കുകയും ഇന്ത്യ – പാക്ക് ബന്ധത്തിലെ ഉലച്ചിലുകള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ ‘ബഹിരാകാശ നയതന്ത്രം’.

ഐ.എസ്.ആര്‍.ഒ ആണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച്, ഫെബ്രുവരി 15ന് ഐഎസ്ആര്‍ഒ ചരിത്രമെഴുതിയിരുന്നു.ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പിന്നീട് പാകിസ്താന്‍ പിന്‍മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.

2230 കിലോഗ്രാം ഭാരവും 50 മീറ്ററോളം നീളവുമുള്ള ഈ ഉപഗ്രഹത്തിനുമാത്രം ചെലവ് 235 കോടി രൂപയാണ്. പദ്ധതിക്കു മൊത്തം 450 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്ക്. ഭൂട്ടാന്‍, മാലദ്വീപ് തുടങ്ങിയ കുഞ്ഞന്‍ രാജ്യങ്ങളാകും പ്രധാന ഗുണഭോക്താക്കള്‍. വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഉപഗ്രഹം നല്‍കും.

2014 നവംബറില്‍ നേപ്പാളില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് സാര്‍ക് രാജ്യങ്ങള്‍ക്കായി പൊതുവായ ഉപഗ്രഹം എന്ന പദ്ധതി മോദി അവതരിപ്പിച്ചത്. വാര്‍ത്താവിനിമയ, ടെലി മെഡിസിന്‍ മേഖലകളില്‍ അംഗരാജ്യങ്ങള്‍ക്ക് ഉപയോഗപ്രദമാവുന്ന വിധത്തില്‍ ഇന്ത്യ ഉപഗ്രഹം നിര്‍മിക്കാമെന്നായിരുന്നു നിര്‍ദേശം. സാര്‍ക് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ഉപഹാരമാണ് ഇതെന്നും ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ അധികാരത്തിനു വേണ്ടി മാത്രമല്ല, മാനവരാശിക്കുള്ള സേവനം കൂടിയാണെന്നും മോദി പറഞ്ഞിരുന്നു.

മേയ് അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാകും ഉപഗ്രഹത്തിന്റെ വിക്ഷേപണം. ജിഎസ്എല്‍വി മാര്‍ക് II റോക്കറ്റാണ് ഇതിന് ഉപയോഗിക്കുക. ജിഎസ്എല്‍വിയുടെ 11-ാം ബഹിരാകാശ ദൗത്യമായിരിക്കും ഇത്.

Top