ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കുമെന്ന് ഐഎസ്ആർഒ

തിരുവനന്തപുരം : ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. 2025 ൽ വിക്ഷേപിക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരിൽ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക.

മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണു ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയായി നടത്തുന്ന ദൗത്യങ്ങളിൽ ശാസ്ത്രീയമായ പഠനങ്ങൾക്കാണു മുൻതൂക്കം നൽകുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ ബഹിരാകാശ യാത്രികരുടെ പൂൾ തയാറാക്കും. പൂളിലേക്ക് എയർഫോഴ്സ് ഫൈറ്റർ പൈലറ്റുമാർക്കു പുറമേ ബഹിരാകാശ ഗവേഷകർ ഉൾപ്പെടെ താൽപര്യമുള്ള ശാസ്ത്രജ്ഞരെയും ഉൾപ്പെടുത്തും. വനിതകൾക്കും അവസരം നൽകുമെന്നും എസ്.സോമനാഥ് പറഞ്ഞു. കഠിനമായ പരിശീലനം പൂർത്തിയാക്കുന്നവർക്കു തുടർ ദൗത്യങ്ങളിൽ ബഹിരാകാശ യാത്ര നടത്താനും പരീക്ഷണങ്ങൾ നടത്താനും അവസരം ലഭിക്കും.

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത ‘വ്യോമമിത്ര’യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പരീക്ഷണ ദൗത്യം ‘ജിഎക്സ്’ 2024 ജൂണിൽ വിക്ഷേപിക്കും.

ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ 3 ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടർന്ന് ജി1, ജി2 എന്നീ പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗൻയാൻ ദൗത്യം.

വിക്ഷേപിച്ച ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ രക്ഷിക്കുന്ന സംവിധാനങ്ങളുടെ വിലയിരുത്തലിന് കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റ് വെഹിക്കിൾ പരീക്ഷണത്തിന്റെ (ടിവി–ഡ1) തുടർച്ചയായുള്ള ടിവി–ഡി2 പരീക്ഷണം മാർച്ചിൽ നടക്കുമെന്നും എസ്.സോമനാഥ് പറഞ്ഞു.

Top