ചാരക്കേസ് സിനിമയാകും, നമ്പി നാരായണന്‍ ഇനി മാധവന്‍, ‘നിഗൂഢതകള്‍’ പുറത്ത് വരും

nambinarayan

കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസ് സിനിമയാകുന്നു. പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

ചിത്രത്തില്‍ നമ്പി നാരായണന്റെ വേഷത്തില്‍ മാധവന്‍ എത്തുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആനന്ദ് മഹാദേവന്‍ ഒരുക്കുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ എത്തിയിരുന്നു.

ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട് 1994-ല്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് 1998-ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

മാധവന്‍ സിനിമയ്ക്കായി തനിക്കൊപ്പവും മലയാളം പതിപ്പിന്റെ സഹ എഴുത്തുകാരായ അരുണ്‍, പ്രജേഷ് സെന്‍ എന്നിവര്‍ക്കൊപ്പവും ഒരുപാട് സമയം ചിലവിട്ടിരുന്നതായി നമ്പി നാരായണന്‍ പറഞ്ഞു. താന്‍ അനുഭവിച്ച പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മാധവന്‍ വ്യാകുലപ്പെട്ടെന്നും, തന്റെ കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ടു കഴിഞ്ഞതായി മനസ്സിലായെന്നും, സ്‌ക്രീനിലെ നമ്പി നാരായണന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top