ഐഎസ്ആര്‍ഒ ചാരക്കേസ്; എസ് വിജയന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ നമ്പി നാരായണനെതിരെ ഒന്നാം പ്രതി എസ് വിജയന്‍ നല്‍കിയ ഹര്‍ജി തള്ളി തിരുവനന്തപുരം സിജെഎം കോടതി. നമ്പി നാരായണന്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ഭൂമി നല്‍കിയത് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജി.

പണവും ഭൂമിയും നല്‍കി നമ്പി നാരയണന്‍ സിബിഐ, ഐ ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നും ഇതേ തുടര്‍ന്നാണ് ചാരക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നുമായിരുന്നു ആരോപണം. നമ്പി നാരായണന്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 24 രേഖകളും എസ് വിജയന്‍ ഇതിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു.

ചാരക്കേസിന്റെ അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്ന രണ്ട് ഡിഐജിമാര്‍ക്ക് നമ്പി നാരായണന്‍ ഭൂമി വിറ്റെന്നായിരുന്നു എസ് വിജയന്‍ കോടതിയില്‍ ആരോപിച്ചത്. ടെറാട്ടൂരില്‍ വച്ചാണ് ഭൂമി വില്‍പനയുടെ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കിയതെന്നും അജ്ഞലി ശ്രീവാസ്തവയ്ക്കും ശ്രീവാസ്തവയ്ക്കും തിരുനെല്‍വേലിയിലെ നാഗുനേരി താലൂക്കില്‍ നമ്പി നാരായണന്‍ ഭൂമി കൈമാറിയിട്ടുണ്ടെന്നും എസ് വിജയന്‍ ആരോപിച്ചിരുന്നു. ഭൂമി കൈമാറ്റത്തിന് ആധാരമായ പവര്‍ ഓഫ് അറ്റോര്‍ണിയും എസ് വിജയന്‍ കോടതിയില്‍ നല്‍കി.

 

Top