ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എസ് വിജയന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നമ്പി നാരായണനും മുന്‍ സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എസ് വിജയന്‍.

നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥര്‍ക്കും തമിഴ്നാട്ടില്‍ ഭൂമിയിടപാട് ഉണ്ടെന്നാണ് എസ് വിജയന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. ചാരക്കേസ് ഗൂഢാലോചന കേസിലെ ഒന്നാംപ്രതിയാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ വിജയന്‍. കീഴ്ക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ വിചാരണ കോടതിയെ വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഐഎസ്ആര്‍ഒ കേസ് അന്വേഷിച്ചിരുന്ന സിബിഐ ഡിഐജി രാജേന്ദ്രനാഥ് കൗള്‍ ഉള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാനായിരുന്നു ഈ നീക്കമെന്നും ഹര്‍ജിയില്‍ പറയുന്നു.

2004-2008 വര്‍ഷങ്ങളിലാണ് ഇടപാടുകള്‍ നടന്നത്. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ഭൂമിയിടപാട് നടന്നെന്നും ഇതുതെളിയിക്കുന്ന 23 രേഖകളും എസ് വിജയന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Top