ചാരക്കേസ് : രണ്ടു കോടി വീതം വേണം, മറിയം റഷീദയും ഫൗസിയയും കോടതിയില്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും, ഫൗസിയ ഹസ്സനും സുപ്രീംകോടതിയില്‍. ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേനയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃതമായി മൂന്ന് വര്‍ഷവും ആറ് മാസവും തടങ്കലില്‍ പാര്‍പ്പിച്ചതിന് കുറ്റക്കാരായ പതിനെട്ട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം എന്നാണ് ആവശ്യം. തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എസ് വിജയന് എതിരെ നിയമനടപടി വേണമെന്നും ഇരുവരും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ ഹൗസനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കളളക്കേസില്‍ ജയലിലടയ്ക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഇരുവരുടേയും നീക്കം. മൂന്നരവര്‍ഷത്തോളം വിചാരണപോലും ഇല്ലാതെ ജയില്‍ക്കിടന്നെന്നും തുടര്‍ന്നുളള സൈ്വര്യ ജീവിതം വഴിമുട്ടിയെന്നും, മാലി ചാരവനിതകളെന്ന് മുദ്രകുത്തി കളളക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നുമാണ് ഇരുവരുടെയും ഹര്‍ജിയിലുളളത്.

മാത്രമല്ല, സിബി മാത്യൂസ് അടക്കമുളള അന്നത്തെ 18 അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് രണ്ട് കോടി രൂപ വീതം ഈടാക്കി തങ്ങള്‍ക്ക് നല്‍കണം. തങ്ങളെയും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരേയും ചാരക്കേസില്‍ കുടുക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടികള്‍ സമ്പാദിച്ചതു സംബന്ധിച്ചുകൂടി അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇന്‍സ്‌പെക്ടര്‍ എസ് വിജയന്റെ വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് ആധാരമെന്നും തന്നോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ പ്രത്യേകം കേസെടുത്ത് അന്വേഷിക്കണമെന്നും മറിയം റഷീദ ആവശ്യപ്പെട്ടിട്ടുണ്ട്.

1994 ഒക്ടോബര്‍ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തിരുവന്തപുരത്തെ സാമ്രാട്ട് ഹോട്ടലിലെ മുറിയില്‍ വച്ച് എസ് വിജയന്‍ ലൈംഗീകമായി പീഡിപ്പിച്ചത് എന്ന് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. ഇതേകുറിച്ച് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്ത, സിബിഐയുടെ പക്കലുളള ഐഎസ് ആര്‍ ഒ ഗൂഢാലോചനക്കസില്‍ പ്രതികള്‍ക്കോ സാക്ഷികള്‍ക്കോ പുതുതായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അന്വേഷണസംഘത്തെ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖാന്തരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

Top