ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേരള ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്.  പ്രതികൾക്ക് മുൻ‌കൂർ ജാമ്യം നൽകിയ ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പിന്മാറ്റം. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കും. കേസിൽ പ്രതികളായ സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, ഐ.ബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.എസ് ജയപ്രകാശ്, വി.കെ മൈനി  അടക്കമുള്ളവരുടെ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ജെയിൻ കമ്മിറ്റി ശുപാർശകൾ അടക്കം പരിശോധിച്ച്  വീണ്ടും മുൻകൂർ ജാമ്യഹർജി പരിഗണിക്കാൻ നിർദ്ദേശം നൽകി കൊണ്ടാണ് നേരത്തെ സുപ്രീം കോടതി പ്രതികൾക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കിയത്. മുൻകൂർ ജാമ്യഹർജികളിൽ ഹൈക്കോടതി തീരുമാനമെടുക്കും വരെ അറസ്റ്റ് നടപടികളിലേക്ക് കടക്കരുതെന്ന് സിബിഐയ്ക്ക്  സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.

അന്വേഷണത്തോട് പ്രതികൾ സഹകരിച്ചതുകൊണ്ടാണ് സുപ്രീം കോടതി തത്കാലത്തേക്ക് പ്രതികളുടെ അറസ്റ്റ് തടഞ്ഞത്. പുതുതായി വാദം കേൾക്കുമ്പോൾ പ്രതികൾക്ക് കിട്ടിയ ഈ ഇടക്കാല ആശ്വാസം ഹൈക്കോടതിയെ സ്വാധിനീക്കരുതെന്നും ബെഞ്ച് നിർദ്ദേശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് നേരത്തെ ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.  ജസ്റ്റിസ് ഡി.കെ. ജയിന്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.  ഗൂഢാലോചനയിൽ വിദേശശക്തികള്‍ക്ക് പങ്കുണ്ടെന്ന സിബിഐയുടെ ആരോപണവും ഓരോ പ്രതിക്കും എതിരായ കേസിന്റെ വസ്തുതകളും ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Top