ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; വിദേശബന്ധം തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനക്ക് പിന്നില്‍ വിദേശ ബന്ധം തെളിയിക്കാനായിട്ടില്ലെന്ന് കേരള ഹൈക്കോടതി. കാല്‍ നൂറ്റാണ്ട് മുന്‍പ് നടന്ന കേസില്‍ ഗൂഡാലോചന ആരോപിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ രാജ്യതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.

മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, ഐബി ഉദ്യോഗസ്ഥരായ ആര്‍ ബി ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി, കേസിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുന്ന നിലയില്‍ പെരുമാറരുതെന്നും പ്രതികളോട് നിര്‍ദ്ദേശിച്ചു.

രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചനയുടെ ഭാഗമായി ക്രയോജനിക് എന്‍ജിന്റെ വികസനം 20 വര്‍ഷത്തോളം തടസപ്പെട്ടതായി സിബിഐയും ചൂണ്ടിക്കാട്ടി. അതേസമയം നമ്പി നാരായണനെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് ആര്‍ബി ശ്രീകുമാര്‍ അടക്കം കോടതിയെ അറിയിച്ചത്. പ്രായം കൂടി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.

Top