അയോധ്യ രാമക്ഷേത്രത്തിന്റെ ബഹിരാകാശാത്ത് നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഐഎസ്ആര്‍ഒ

ഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ബഹിരാകാശാത്ത് നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). തദ്ദേശീയ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ബഹിരാകാശത്ത് നിന്ന് കാണുന്ന ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പങ്കുവച്ചത്. 2.7 ഏക്കര്‍ വിസ്തൃതിയുള്ള രാമക്ഷേത്രം പൂര്‍ണമായും ഇതില്‍ കാണാന്‍ കഴിയും. കൂടാതെ ഇന്ത്യന്‍ റിമോട്ട് സെന്‍സിംഗ് സീരീസ് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഇതിന്റെ വിപുലീകൃത കാഴ്ചയും ലഭിക്കുന്നു.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ. 11.30 മുതല്‍ ചടങ്ങുകള്‍ തുടങ്ങും. 121 ആചാര്യന്മാര്‍ ചേര്‍ന്നാണ് പ്രതിഷ്ഠ നടത്തുന്നത്. 12.20-നാണ് പ്രാണ പ്രതിഷ്ഠ നടക്കുന്നത്. പത്ത് മണി മുതല്‍ മംഗളധ്വനി, രണ്ട് മണിക്കൂര്‍ നീളുന്ന വാദ്യഘോഷത്തോടെയുള്ള സംഗീതാര്‍ച്ചന എന്നിവ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ പത്തരയോടെ അയോധ്യയിലെത്തും. കാശിയിലെ പുരോഹിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തില്‍ നടന്ന അനുഷ്ഠാനച്ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായി. വിവിധ പുണ്യതീര്‍ഥങ്ങളില്‍ നിന്നുള്ള 114 കലശങ്ങളിലെ ജലമുപയോഗിച്ച് അഭിഷേകം നടന്നു. ഇന്നലെ ശയ്യാധിവാസത്തിനു കിടത്തിയ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസം പുലര്‍ച്ചെ ആരംഭിക്കും. പ്രതിഷ്ഠാ ചടങ്ങ് ‘അഭിജിത്ത്’ മുഹൂര്‍ത്തത്തിലാവും നടക്കുക. ചടങ്ങുകള്‍ക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. 2.10-ന് പ്രധാനമന്ത്രി കുബേര്‍തില സന്ദര്‍ശിക്കും. അമിത് ഷാ ബിര്‍ളാ മന്ദിര്‍ സന്ദര്‍ശിക്കും.

സാറ്റലൈറ്റ് ചിത്രങ്ങളില്‍ ദശരഥ് മഹലും സരയു നദിയും വ്യക്തമായി കാണാം. പുതുതായി നവീകരിച്ച അയോധ്യ റെയില്‍വേ സ്റ്റേഷനും കാണാം.ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഭാഗമായ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിലാണ് ചിത്രം പ്രോസസ് ചെയ്തത്. ക്ഷേത്രനിര്‍മ്മാണത്തിന്റെ മറ്റ് ഘട്ടങ്ങളിലും ഐഎസ്ആര്‍ഒ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.

Top