ആദിത്യ എല്‍ 1 പകര്‍ത്തിയ സൂര്യന്റെ ഫുള്‍ ഡിസ്‌ക് ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ഐര്‍ഒ

ഡല്‍ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ 1 പകര്‍ത്തിയ സൂര്യന്റെ ഫുള്‍ ഡിസ്‌ക് ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ഐര്‍ഒ. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഐഎസ്ഐര്‍ഒ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എല്‍ 1 ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

200- 400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യത്തില്‍, വിവിധ ഫില്‍ട്ടറുകള്‍ ക്രമീകരിച്ച് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് പകര്‍ത്തിയതായും പ്രസ്താവനയില്‍ പറയുന്നു. സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം.

സൂര്യന്റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. സൗരാന്തരീക്ഷത്തിന്റെ ചലനാത്മകതയും ഘടനയും മനസിലാക്കല്‍, സൗരവാത ഗതിവേഗവും താപനില വ്യതിയാനവും മനസിലാക്കല്‍ എന്നിവയും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. ഇതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ 1-ലുള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.

Top