ബഹിരാകാശത്തേക്ക് വിനോദസഞ്ചാരിയായി പോകാൻ അവസരമൊരുക്കി ഐ.എസ്.ആർ.ഒ

ഹിരാകാശ വിനോദ സഞ്ചാര പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി ഐ.എസ്.ആർ.​ഒ. 2030ഓടെ പദ്ധതി യാഥാർഥ്യമാക്കാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസിയുടെ പദ്ധതി. ആറ് കോടി രൂപയായിരിക്കും ബഹിരാകാശ വിനോദസഞ്ചാരത്തിനായി ഒരാൾ മുടക്കേണ്ടി വരിക.

ഇന്ത്യയുടെ സ്വന്തം സ്​പേസ് ടൂറിസം മൊഡ്യൂളിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും ഒരു സഞ്ചാരിക്ക് ആറ് കോടി രൂപയായിരിക്കും ഏകദേശ ടിക്കറ്റ് നിരക്കെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. അതേസമയം, ബഹിരാകാശ​ത്ത് എത്രത്തോളം ദൂരം ഇന്ത്യയുടെ ബഹിരാകാശപേടകം സഞ്ചരിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വിനോദ സഞ്ചാരികൾക്ക് 15 മിനിറ്റോളം ബഹിരാകാശത്ത് ചെലവഴിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റായിരിക്കും ബഹിരാകാശ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുകയെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ ബഹിരാകാശ വിനോദസഞ്ചാരത്തെ സംബന്ധിച്ച് ഐ.എസ്.ആർ.ഒ പഠനം ആരംഭിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചിരുന്നു.

Top