പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ.; എക്സ്പോസാറ്റ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 തിങ്കളാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. രാവിലെ 9.10-ന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണം.

തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ‘വിസാറ്റ്’ ഉള്‍പ്പെടെ പത്തു ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് പതിക്കുന്ന അള്‍ട്രാ വയലറ്റ് രശ്മികള്‍ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ
സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എല്‍.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളില്‍ പി.എസ്.എല്‍.വി. 345 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.

ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐ.എസ്.ആര്‍.ഒ. ഇക്കുറി ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹം കൂടിയാണ് എക്സ്പോസാറ്റ്. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്സ്പോസാറ്റിനെ പി.എസ്.എല്‍.വി. സി 58 എത്തിക്കുക.

Top