isro – nasa – new mesail

ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ തൊപ്പിയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി. വിവിധ വിദേശ രാജ്യങ്ങളുടെ 25ല്‍ അധികം ഉപഗ്രഹങ്ങള്‍ ഈ വര്‍ഷം തന്നെ വിക്ഷേപിക്കാനുള്ള ഐഎസ്ആര്‍ഒ അറിയിച്ചു. ഏപ്രിലില്‍ ഏഴാം നാവിഗേഷന്‍ ഉപഗ്രഹം വിക്ഷേപിക്കും. ഇതോടെ അമേരിക്കയുടെ ജിപിഎസ് സംവിധാനത്തെ ഇന്ത്യയ്ക്ക് പിന്തുടരേണ്ടിവരില്ല.

2016 17 കാലയളവില്‍ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 25 കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡറുകള്‍ ലഭിച്ചതായി ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു. അമേരിക്കയുടെ 12 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ സഹായത്തോടെ വിക്ഷേപിക്കുക. നാസയെ മറിക്കടന്നാണ് ഈ നേട്ടം കൈവരിച്ചതെന്ന് ശ്രദ്ധേയമാണ്. ഇതിനു പുറമെ ജര്‍മ്മനിയുടെ നാല്, കാനഡയുടെ മുന്നു, അള്‍ജീരിയയുടെ മൂന്നു, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹവും ഐഎസ്ആര്‍ഒ വിക്ഷേപിക്കും.

ബഹിരാകാശ സാങ്കേതിക വിദ്യയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുകയെന്ന ഐഎസ്ആര്‍ഒ യുടെ പദ്ധതിക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ ഭാഗമാണിത്. പിഎസ്എല്‍വിയുടെ സഹായത്തോടെയാണ് ഈ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുക. പിഎസ്എല്‍വി ഉപയോഗിച്ച് ഇതുവരെ 21 രാജ്യങ്ങളുടെ 57 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.

ബഹിരാകാശ ഗവേഷണ രംഗത്ത് വിജയക്കൊടി പാറിച്ച് മുന്നേറുന്ന ഐഎസ്ആര്‍ഒയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാവുകയാണ് ഈ നേട്ടം. അടുത്തിടെ ആറ് സിംഗപ്പൂര്‍ ഉപഗ്രഹങ്ങളെ ഇന്ത്യയുടെ പിഎസ്എല്‍വിസി 29 റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഈ വര്‍ഷം ഇതുവരെ 11 വിദേശ ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി സി 28, സി 30 എന്നീ റോക്കറ്റുകള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയില്‍ അഞ്ചു ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി28 വിജയകരമായി വിക്ഷേപിച്ചിരുന്നു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നു രാത്രി 9.58ന് ആയിരുന്നു വിക്ഷേപണം. 19 മിനിറ്റും 16 സെക്കന്‍ഡും കഴിഞ്ഞപ്പോള്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തി. ഐഎസ്ആര്‍ഒ ഏറ്റെടുത്ത ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണിത്.

Top