ബഹിരാകാശത്തെ ‘രാജാക്കൻമാർക്കും’ ഇപ്പോൾ ആരാധനയുള്ളത് ഇന്ത്യയോട് !

ഹിരാകാശത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയാണ് അമേരിക്കയുടെ നാസ. ഇക്കാര്യത്തില്‍ ലോകത്തെ മറ്റൊരു രാജ്യത്തിനു തന്നെ സംശയമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, ഈ നാസ പോലും ഇപ്പോള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയെ യാണ്. കണ്ടുപിടുത്തങ്ങളില്‍ അസാധാരണമായ മുന്നറ്റമാണ് ഇന്ത്യ കൈവരിച്ച് കൊണ്ടിരിക്കുന്നതെന്ന വിലയിരുത്തലാണ് നാസയിലെ ശാസ്ത്രജ്ഞര്‍ക്കുള്ളത്.

ഏറ്റവും ഒടുവിലായി നാസ കാത്തിരിക്കുന്നത് ചന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണമാണ്. ഇന്ത്യയുടെ ഈ രണ്ടാമത്തെ ചാന്ദ്ര ദൗത്യം ജൂലായ് 9 നും 16നും ഇടയില്‍ നടക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ ആറിന് ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

800 കോടി രൂപ ചെലവിലാണ് ചാന്ദ്രയാന്‍ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനുമാണ്. ഒരു ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രത്തിന്റെ നിര്‍മ്മാണത്തേക്കാള്‍ കുറഞ്ഞ തുകയാണിത്. ചെലവു ചുരുക്കലിന്റെ കാര്യത്തിലും ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ.

ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാര്‍ക് ത്രീയാണ് ചന്ദ്രയാന്‍ 2 വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള ഈ റോക്കറ്റ് ഐ.എസ്.ആര്‍.ഒയുടെ ഫാറ്റ്‌ബോയ് എന്നാണറിയപ്പെടുന്നത്. ചന്ദ്രനില്‍ വെള്ളം, ടൈറ്റാനിയം, കാല്‍സ്യം, മഗ്‌നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യവും, ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണവുമെല്ലാം ചന്ദ്രയാന്‍ 1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 2ല്‍ രാജ്യം ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെയാണ് നാസയും ഈ ദൗത്യത്തെ ആകാംഷയോടെ നോക്കിക്കാണുന്നത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവയ്‌ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവര്‍ കൂടി ഉള്‍പ്പെടുന്നതാണു ചന്ദ്രയാന്‍ 2. ഐ.എസ്.ആര്‍.ഒ ഇതുവരെ നടത്തിയിട്ടുള്ളതില്‍ ഏറ്റവും സങ്കീര്‍ണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യത്തിന്റെ ആകെ ഭാരം 3,290 കിലോയാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രനു 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് റോവര്‍ ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. സോഫ്റ്റ് ലാന്‍ഡിങ് എന്ന് അറിയപ്പെടുന്ന പ്രക്രിയ. ചന്ദ്രനില്‍ എത്തിയശേഷം ലാന്‍ഡറില്‍ നിന്നു റോവര്‍ ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും.

ലോക ശക്തികളെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍ നടത്തുന്നത്. ബഹിരാകാശ സാങ്കേതികത പറഞ്ഞു തരുമോയെന്നു ചോദിച്ച് നാസയുടെ വാതിലില്‍ മുട്ടുന്ന ഇന്ത്യക്കാരന്റെ കാര്‍ട്ടൂണ്‍ വരച്ചവര്‍ക്കെല്ലാം നല്‍കിയ ശക്തമായ മറുപടിയാണ് ഇന്ത്യയുടെ ഈ കുതിപ്പ്.

പിഎസ്എല്‍വി സി-45 റോക്കറ്റില്‍ അമേരിക്കയുടെ 24 ഉപഗ്രഹങ്ങളടക്കം 29 എണ്ണത്തെ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള എമിസാറ്റ് ഉപഗ്രഹവും ഇതോടൊപ്പം ഉണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ സമയമെടുത്താണ് ഉപഗ്രഹങ്ങളെ മൂന്നു വിവിധ ഓര്‍ബിറ്റുകളില്‍ എത്തിച്ചിരുന്നത്.

2020-ല്‍ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിക്ഷേപണത്തില്‍ നിരവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബ്രസീലിന്റെ ഉപഗ്രഹം പിഎസ്എല്‍വി വിക്ഷേപിക്കുമെന്നത് സംബന്ധിച്ച് ബ്രസീലിയന്‍ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂനിരീക്ഷണത്തിനുള്ള ഉപഗ്രഹമാണ് ആമസോണിയ-1.

സൗത്ത് അമേരിക്കന്‍ രാജ്യങ്ങളെല്ലാം കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യയെയാണ് സമീപിക്കുന്നത്. നാസ, സ്‌പെയ്‌സ് എക്‌സ്, ഇഎസ്എ തുടങ്ങിയ ബഹിരാകാശ ഏജന്‍സികളേക്കാള്‍ കുറഞ്ഞ നിരക്കും വിശ്വാസ്യതയുമാണ് ഐഎസ്ആര്‍ഒയെ മുന്നിലെത്തിച്ചത്. 2014 ലെ ചൊവ്വാ ദൗത്യം വിജയിച്ചതോടെ ഐഎസ്ആര്‍ഒയുടെ ഗ്രേഡ് കുത്തനെ ഉയര്‍ന്നു. ഇതോടെയാണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ സ്വപ്ന പദ്ധതികള്‍ക്ക് വേണ്ട ഉപഗ്രഹങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഐഎസ്‌ഐര്‍ഒയ്ക്ക് സാധിക്കുമെന്ന വിശ്വാസം വിദേശരാജ്യങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാന്‍ ഇന്ത്യക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.

ഐഎസ്ആര്‍ഒ ഓരോ തവണയും വന്‍ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. ഇന്ത്യന്‍ ബഹിരാകാശ മേഖലയെ പുതിയ കുതിപ്പിന് സഹായിക്കുന്നതായിരിക്കും പിഎസ്എല്‍വി സി-45 ന്റെ വിക്ഷേപണം.

ബഹിരാകാശ മേഖലയില്‍ വന്‍ മുന്നേറ്റം കൈവരിച്ചിട്ടുള്ള അമേരിക്ക, ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പതിവായി ഇന്ത്യയുടെ സഹായം തേടി വരുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ചെലവു കുറഞ്ഞ ഐഎസ്ആര്‍ഒയുടെ വിക്ഷേപണത്തെയാണ് അമേരിക്കന്‍ കമ്പനികളെല്ലാം പരിഗണിക്കുന്നത്. ഇതിനെ വിലക്കാന്‍ നിരവധി സ്വകാര്യം കമ്പനികളും ഗവേഷകരും ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിവരികയാണ്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 28 രാജ്യങ്ങളില്‍ നിന്നുള്ള 297 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ഇതില്‍ 189 ഉപഗ്രഹങ്ങളും അമേരിക്കയില്‍ നിന്നുള്ളതായിരുന്നു. നാസയ്ക്ക് പുറമേ സ്വകാര്യ വിക്ഷേപണ കേന്ദ്രമായ സ്‌പെയ്‌സ് എക്‌സ് വരെ ഉണ്ടായിട്ടും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ കമ്പനികളും ഏജന്‍സികളും ഐഎസ്ആര്‍ഒയെ പിന്തുടരുന്നത്.

ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ഇന്ത്യ ഞെട്ടിച്ചുവെന്നാണ് അമേരിക്കന്‍ പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ദരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്.

അതെ, ഇന്ത്യ ഈ രംഗത്ത് കൂടുതല്‍ അദ്ഭുതങ്ങള്‍ പുറത്തെടുക്കാന്‍ പോകുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ റെക്കോര്‍ഡ് നേട്ടങ്ങള്‍. പിഎസ്എല്‍വി റോക്കറ്റിന് 104 ഉപഗ്രഹങ്ങളല്ല, വേണമെങ്കില്‍ 400 ഉപഗ്രഹങ്ങള്‍ വരെ വഹിച്ച് ലക്ഷ്യത്തിലെത്തിക്കാന്‍ ശേഷിയുണ്ടെന്നാണ് മുന്‍ ഐഎസ്ആര്‍ഒ മേധാവി ജി. മാധവന്‍നായര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിരുന്നത്.

ഒരു റോക്കറ്റില്‍ 10 ഉപഗ്രഹം വിക്ഷേപിച്ചാണ് ഐഎസ്ആര്‍ഒ തുടക്കമിട്ടത്. പിന്നെ അത് 18 ആയി, പിന്നീട് 35, ഇപ്പോള്‍ അത് 100 കടന്നിരിക്കുന്നു. മൂന്നോ നാലോ കിലോഗ്രാം തൂക്കമുള്ള 300 മുതല്‍ 400 ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാന്‍ നിലവിലെ പിഎസ്എല്‍വി ടെക്‌നോളജിക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഐഎസ്ആര്‍ഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

1999 മെയ് 26ന് കൊറിയയുടെയും ജര്‍മനിയുടെയും ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങള്‍. നമ്മുടെ ഓഷ്യന്‍സാറ്റ് ഉപഗ്രഹത്തിനൊപ്പം പിഎസ്എല്‍വി സി-2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടര്‍ന്നിങ്ങോട്ട് 20 വര്‍ഷത്തിനിടെ 25 വിക്ഷേപണങ്ങളിലായി 33 രാജ്യങ്ങളുടെ ബഹിരാകാശ സ്വപനങ്ങളാണ് ഇന്ത്യാക്ഷാത്കരിച്ച് കൊടുത്തിരിക്കുന്നത്.

അമേരിക്കയ്ക്ക് പുറമെ ഇംഗ്ലണ്ട്, അര്‍ജീരിയ, ഓസ്ട്രിയ, ബെല്‍ജിയം, കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഇന്തൊനേഷ്യ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്, കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, സിംഗപ്പൂര്‍, തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളും തങ്ങളുടെ ഉപഗ്രഹ വിക്ഷേപണത്തിനായി പലപ്പോഴായി ഇന്ത്യയുടെ സഹായം തേടിയിരുന്നു. എല്ലാവിക്ഷേപണങ്ങളും ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എല്‍വി ഉപയോഗിച്ചുവെന്നതും ശ്രദ്ധേയമാണ്.

Top