ചന്ദ്രനിലെ സൂര്യോദയത്തില്‍ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ഉണരുമെന്ന പ്രതീക്ഷയോടെ ഐഎസ്ആര്‍ഒ

ബെംഗളൂരു: വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ചന്ദ്രനില്‍ സൂര്യോദയമുണ്ടാകാനിരിക്കെ പ്രതീക്ഷയോടെ ശാസ്ത്രലോകം. ചന്ദ്രനില്‍ സൂര്യനുദിക്കുമ്പോള്‍ ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറില്‍ നിന്നും പ്രഗ്യാന്‍ റോവറില്‍ നിന്നും ശുഭവാര്‍ത്തയാണ് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നത്. ചന്ദ്രനിലെ സൂര്യോദയത്തിന് ശേഷം സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് കാത്തിരുന്ന് കാണണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.

ലാന്‍ഡറിന്റെയും റോവറിന്റെയും പുതിയ കണ്ടെത്തലുകള്‍ക്കായി വിദഗ്ധര്‍ ഡാറ്റ പരിശോധിക്കാന്‍ തുടങ്ങി. വിക്രമിന്റെയും പ്രഗ്യാന്റെയും ഗവേഷണങ്ങള്‍ ചന്ദ്രന്റെ മണ്ണിനെക്കുറിച്ചുള്ള അറിവ്, മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഭാവി ദൗത്യങ്ങള്‍ക്ക് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തല്‍.

ചന്ദ്രനിലെ സൂര്യോദയം ബുധനാഴ്ചയാണ് പ്രതീക്ഷിക്കുന്നത്. സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ എലവേഷന്‍ ആംഗിള്‍ 6° മുതല്‍ 9° വരെയാണ്. എന്നാല്‍ താപനില ഒരു നിശ്ചിത പരിധിക്ക് മുകളില്‍ ഉയരണം. സെപ്റ്റംബര്‍ 21-നോ 22-നോ ഉള്ളില്‍ കാര്യങ്ങള്‍ അറിയുമെന്ന് ചന്ദ്രയാന്‍ -3 ലീഡ് സെന്ററായ യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം ശങ്കരന്‍ പറഞ്ഞു.

വിക്രമും പ്രഗ്യാനും ഉണര്‍ന്നിരിക്കുന്നത് ബോണസായിരിക്കുമെന്നും ഇരുവരും അയച്ച ഡാറ്റ പുതിയ വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഗവേഷകര്‍ പറഞ്ഞു. ഇതുവരെ ധാരാളം വിവരം ശേഖരിച്ചു. പക്ഷേ ഫലങ്ങള്‍ വരാന്‍ ഏതാനും മാസങ്ങള്‍ എടുക്കും. ചിലത് വര്‍ഷങ്ങളെടുക്കും. ലഭിച്ച വിവരങ്ങള്‍ പുതിയ കാര്യങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സിസ്റ്റങ്ങള്‍ വീണ്ടും ഉണര്‍ന്നാല്‍, കൂടുതല്‍ ഡാറ്റ ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top