ചന്ദ്രനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ

ശ്രീഹരിക്കോട്ട: ചന്ദ്രനില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സെപ്തംബര്‍ ആറിനായിരുന്നു ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയത്.

ചന്ദ്രയാന്‍ രണ്ടിലെ ഓര്‍ബിറ്ററിലെ പ്രധാന ഉപകരണമായ ഡ്യുവല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ എന്ന ഡിഎഫ്എസ്എആര്‍ ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. റഡാര്‍ തരംഗദൈര്‍ഘ്യം ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ ഏതാനും മീറ്ററുകള്‍ വരെ പര്യവേക്ഷണം നടത്താന്‍ ഡിഎഫ്എസ്എആറിന് കഴിയും. കഴിഞ്ഞ നാല് വര്‍ഷമായി ചാന്ദ്ര ഉപരിതലത്തില്‍ നിന്നുള്ള ഡാറ്റ ഡിഎഫ്എസ്എആര്‍ നല്‍കുന്നുണ്ട്. പ്രഗ്യാന്‍ റോവറിലുള്ള നാവിഗേഷന്‍ ക്യാമറ പകര്‍ത്തിയ ചന്ദ്രനിലെ വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങളാണ് ചന്ദ്രനില്‍ നിന്ന് ഐഎസ്ആര്‍ഒ അവസാനമായി പുറത്തുവിട്ടിരുന്നത്. വിക്രമിന്റെ ഇടത്തും വലത്തും നിന്നുള്ള ചിത്രങ്ങളായിരുന്നു ഇത്.

ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്ലാന്റിങ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇടിച്ചിറങ്ങുകയായിരുന്നു. എങ്കിലും ഇതിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന ക്ഷമമാണ്. ചന്ദ്രയാന്‍ മൂന്നിലും ഈ ഓര്‍ബിറ്റര്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

 

Top