‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയില്‍ കണ്ണും നട്ട് ഇസ്രോ; ഗഗന്‍യാന്‍ പരീക്ഷണ വിക്ഷേപണം നാളെ

നുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇസ്രോയുടെ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) പദ്ധതിയാണ് ഗഗന്‍യാന്‍. പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21 ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് നടക്കാനിരിക്കുകയാണ്. ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക. സഞ്ചാരികള്‍ക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ക്രൂ കാപ്സ്യൂളിന്റെയും മറ്റ് വിക്ഷേപണ സംവിധാനങ്ങളുടേയും ആദ്യ വിക്ഷേപണമാണ് ശനിയാഴ്ച നടക്കുന്നത്.

വിവിധ പ്ലാറ്റ്ഫോമുകളില്‍ ഈ പരീക്ഷണ വിക്ഷേപണത്തിന്റെ തത്സമയ സ്ട്രീമിങ് നടത്തും. ഇസ്രോയുടെ ഫേസ്ബുക്ക്, യൂട്യൂബ്, വെബ്സൈറ്റ് എന്നിവിടങ്ങളില്‍ തത്സമയ സ്ട്രീമിങ് ഉണ്ടാവും. ഡിഡി നാഷണല്‍ ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടാവും. ലിക്വിഡ് പ്രൊപ്പലന്റ് അധിഷ്ടിത റോക്കറ്റ് ഉപയോഗിച്ചുള്ള റോക്കറ്റിലാണ് ക്രൂ മോഡ്യള്‍ വിക്ഷേപിക്കുക. നിശ്ചിത ഉയരത്തില്‍ നിന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന പേടകം ഇന്ത്യന്‍ നാവികസേനയുടെ പിന്തുണയോടെ തിരിച്ചെടുക്കും. ഒരു വികാസ് എഞ്ചിന്‍ മാത്രം ഉപയോഗിച്ചുള്ള ഒരു സിംഗിള്‍ സ്റ്റേജ് വിക്ഷേപണ വാഹനമാണ് ശനിയാഴ്ച ഉപയോഗിക്കുക. ചന്ദ്രയാന്‍ 3യ്ക്കായി ഉപയോഗിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 ആണ് യഥാര്‍ത്ഥ ഗഗന്‍യാന്‍ ദൗത്യത്തിനും ഉപയോഗിക്കുക.

ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ 2035 ല്‍ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ല്‍ മനുഷ്യനെ ചന്ദ്രനില്‍ എത്തിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അതനുസരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും പ്രധാനമന്ത്രി ഇസ്രോയില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബഹിരാകാശ നിലയം സാധ്യമാകണമെങ്കിലും, ചാന്ദ്രയാത്ര സാധ്യമാകണമെങ്കിലും ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള സാങ്കേതിക ശേഷി തങ്ങള്‍ക്കുണ്ടെന്ന് ഇസ്രോ തെളിയിക്കേണ്ടതുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രാധാന്യം അതാണ്. മൂന്ന് ദിവസത്തെ ദൗത്യത്തിനായി മനുഷ്യരെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ എത്തിക്കാനും അവരെ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കാനുമാണ് ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

 

Top