ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ നീട്ടി; ഇസ്രയേല്‍ ഇന്ത്യയെ മറികടന്നേക്കും

CHANDRAYAN2

ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഭാഗമായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ നീട്ടി.

ഈ വര്‍ഷം ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ച വിക്ഷേപണം 2019 ഫെബ്രുവരിയിലേക്ക് മാറ്റിയതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.

സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് ദൗത്യം നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇന്ത്യയുടെ ചാന്ദ്ര ദൗത്യം നീട്ടിയത് ഇസ്രയേലിന് മുന്നേറാന്‍ വഴിയൊരുക്കിയിരിക്കുകയാണ്.

‘സ്പാരോ’ എന്നു പേരിട്ടിരിക്കുന്ന ഇസ്രയേല്‍ ചാന്ദ്ര ദൗത്യം സ്പേസ് ഐ.എല്‍ എന്ന കമ്പനിയുടെ സഹായത്തോടെ ഈ വര്‍ഷം ഡിസംബറിലാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്.

അമേരിക്കയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിലൂടെ ‘സ്പാരോ’ 2019 ഫെബ്രുവരി 13ന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയെ വെട്ടിച്ച് ചന്ദ്രനില്‍ പേടകമിറക്കുകയാണെങ്കില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതി ഇസ്രയേലിന് ലഭിക്കും.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിട്ടുള്ളത്.

Top