ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; ഫൗസിയ ഹസ്സന്റെ മൊഴി സിബിഐ രേഖപ്പെടുത്തി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മാലി വനിത ഫൗസിയ ഹസ്സന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഫൗസിയയുടെ മൊഴിയെടുത്തത്.

ഈ കേസിലെ ഏറ്റവും നിര്‍ണായകമായ രണ്ടു മൊഴികള്‍ അന്ന് ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതും ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ടതുമായ മാലി വനിതകളായ മറിയം റഷീദയുടെയും ഫൗസിയ ഹസ്സന്റേതുമാണ്. ഗൂഢാലോചനക്കേസില്‍ ഇരുവരുടെയും മൊഴി നേരിട്ടാണ് രേഖപ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍ നേരിട്ട് രേഖപ്പെടുത്തുന്നതില്‍ സാങ്കേതികമായ തടസ്സങ്ങളുണ്ട്. അതിനാലാണ് ഫൗസിയ ഹസ്സന്റെ മൊഴി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ് മുഖാന്തരം രേഖപ്പെടുത്തിയത്. മറിയം റഷീദയുടെ മൊഴികൂടി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് ഓണ്‍ലൈന്‍ ആയിവേണോ അതോ നേരിട്ടു വേണോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

നേരത്തെ, ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും, ഫൗസിയ ഹസ്സനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും സിബിഐ മുഖേനയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃതമായി മൂന്ന് വര്‍ഷവും ആറ് മാസവും തടങ്കലില്‍ പാര്‍പ്പിച്ചതിന് കുറ്റക്കാരായ പതിനെട്ട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം എന്നാണ് ആവശ്യം. തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എസ് വിജയന് എതിരെ നിയമനടപടി വേണമെന്നും ഇരുവരും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ഐ എസ് ആര്‍ ഒ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് മറിയം റഷീദയും ഫൗസിയ ഹൗസനും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കളളക്കേസില്‍ ജയലിലടയ്ക്കപ്പെട്ട നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഇരുവരുടേയും നീക്കം. മൂന്നരവര്‍ഷത്തോളം വിചാരണപോലും ഇല്ലാതെ ജയില്‍ക്കിടന്നെന്നും തുടര്‍ന്നുളള സൈ്വര്യ ജീവിതം വഴിമുട്ടിയെന്നും, മാലി ചാരവനിതകളെന്ന് മുദ്രകുത്തി കളളക്കേസില്‍ ജയിലിലടയ്ക്കപ്പെട്ട തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നുമാണ് ഇരുവരുടെയും ഹര്‍ജിയിലുളളത്.

Top