ബഹിരാകാശത്ത് പുതുചരിത്രം രചിക്കാൻ ക്യാപ്‌സൂള്‍; നാസയെ ഞെട്ടിച്ച് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ബഹിരാകാശ യാത്രാ ദൗത്യത്തില്‍ വിജയ തരംഗവുമായി ഐഎസ്ആര്‍ഒ. ബഹിരാകാശത്തു നിന്നു യാത്രികരെ തിരികെ സുരക്ഷിതരായി ‘ലാന്‍ഡ്’ ചെയ്യുന്നതിനു സഹായിക്കുന്ന പേടകത്തിന്റെ (ക്യാപ്‌സൂള്‍) പരീക്ഷണത്തിലാണ് ഐഎസ്ആര്‍ഒ വിജയം കണ്ടത്.

വിക്ഷേപണ ദൗത്യം അടിയന്തരമായി ഉപേക്ഷിക്കേണ്ടിവന്നാല്‍ വിക്ഷേപണ വാഹനത്തില്‍നിന്നും രക്ഷാപേടകം സുരക്ഷിതമായ അകലത്തിലേക്ക് ബഹിരാകാശ യാത്രക്കാരുമായി തെറിച്ചുമാറുകയും സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്യും.

വിക്ഷേപണ വാഹനത്തിന് അപകടം ഉണ്ടായാല്‍ അതിലെ ശാസ്ത്രജ്ഞരെ സുരക്ഷിതമായി പുറത്തെത്തിക്കുന്ന രക്ഷാ പേടകമാണ് ‘പാഡ് അബോര്‍ട്ട്’ സിസ്റ്റത്തിന്റെ (ക്രൂ എസ്‌കേപ് സിസ്റ്റം ടെക്‌നോളജി ഡെമണ്‍സ്‌ട്രേറ്റര്‍) ഉപയോഗമാണു ശ്രീഹരിക്കോട്ടയില്‍ നിന്നു പരീക്ഷിച്ചതെന്ന് ചെയര്‍മാന്‍ കെ.ശിവന്‍ അറിയിച്ചു.

ബഹിരാകാശ യാത്രികരുമായുള്ള യാത്രയില്‍ നിര്‍ണായകമാണ് ഇത്തരത്തിലുള്ള രക്ഷാദൗത്യമെന്നും റോക്കറ്റ് ആകാശത്തെത്തിയ ശേഷം ക്യാപ്‌സൂള്‍ വിട്ടുപോരുന്ന രീതിയാണു നിലവില്‍ പരീക്ഷിച്ചത്, യാത്രയ്ക്കിടയില്‍ത്തന്നെ ക്യാപ്‌സൂള്‍ വിട്ടുപോരുന്ന പരീക്ഷണമായിരിക്കും അടുത്തഘട്ടത്തിലെന്നും കെ.ശിവന്‍ വ്യക്തമാക്കി.

യഥാര്‍ഥ മനുഷ്യനു പകരം അതേ വലുപ്പത്തിലുള്ള കൃത്രിമ മാതൃകയാണ് ക്യാപ്‌സൂളിനകത്ത് ഉപയോഗിച്ചിരിക്കുന്നത്, റോക്കറ്റ് എന്‍ജിനുമായി ഘടിപ്പിച്ച ക്യാപ്‌സൂള്‍ വ്യാഴാഴ്ച രാവിലെ ഏഴോടെ പറന്നുയര്‍ന്നു. ആകാശത്തെത്തിയ ശേഷം ക്യാപ്‌സൂള്‍ എന്‍ജിനില്‍നിന്നു വിട്ടുമാറി.

അല്‍പനേരം നിന്നതിനു ശേഷം ഇതു താഴേക്കു പതിച്ചു. അതിനിടെ പാരച്യൂട്ട് ഓട്ടമാറ്റിക്കായി വിന്യസിക്കപ്പെടുകയും ക്യാപ്‌സൂള്‍ സുരക്ഷിതമായി കടലില്‍ ഇറക്കുകയുമായിരുന്നു. 259 സെക്കന്‍ഡ് നേരം നീണ്ടുനിന്ന പരീക്ഷണത്തിനൊടുവില്‍ നേരത്തേ നിശ്ചയിച്ച സ്ഥലത്തു തന്നെയായിരുന്നു ക്യാപ്‌സൂള്‍ ഇറങ്ങിയത്.

Top