ചാരക്കേസ് ഗൂഢാലോചന: ആറു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ പ്രതി ചേർക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, മുൻ അന്വേഷണ ഉദ്യോഗസ്ഥരായ ആറു പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ ഡിജിപി സിബി മാത്യൂസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് നടപടി.

പ്രതികളെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാവണമെന്നും ഹൈക്കോടതി നിർദേശിച്ചു. എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പിഎസ് ജയപ്രകാശ്, ആർബി ശ്രീകുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

വ്യാജമായ കേസിൽ പ്രമുഖ ശാസ്ത്രജ്ഞരെ കുടുക്കാൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കേസ്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സിബിഐ വാദിച്ചു. ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ശക്തികൾക്കു പങ്കുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.

പ്രതികൾക്കു നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും സിബിഐ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദേശിച്ച് സുപ്രിം കോടതി കേസ് ഹൈക്കോടതിയിലേക്കു തിരിച്ചയച്ചു.

Top