‘ശാസ്ത്രത്തിന്റെ തത്ത്വങ്ങൾ ആദ്യം ഉണ്ടായിരുന്നത് വേദങ്ങളിൽ’; ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ഭോപ്പാല്‍: ശാസ്ത്ര തത്വങ്ങള്‍ ആദ്യമായി ഉണ്ടായിരുന്നത് വേദങ്ങളിലാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോമനാഥ്. വേദങ്ങളില്‍ നിന്നും ലഭിച്ച ശാസ്ത്രതത്വങ്ങള്‍ പിന്നീട് അറബ് രാജ്യങ്ങള്‍ വഴി യൂറോപ്പില്‍ എത്തുകയും പിന്നീട് ഇവ ശാസ്ത്ര നേട്ടങ്ങളായി പാശ്ചത്യ ശാസ്ത്രകാരന്മാര്‍ എടുക്കുകയും ചെയ്തുവെന്നാണ് എസ്.സോമനാഥ് പറയുന്നത്.

മധ്യപ്രദേശിലെ ഉജ്ജയിനിയിലെ മഹാഋഷി പാണിനി സംസ്കൃത വേദ യൂണിവേഴ്സിറ്റി ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു എസ്.സോമനാഥ്. ‘ബീജഗണിതം, വർഗ്ഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള പഠനം, വാസ്തുവിദ്യ, പ്രപഞ്ചത്തിന്റെ ഘടന, ലോഹശാസ്ത്രം, വ്യോമയാനം എന്നിവയെല്ലാം ആദ്യം പരാമര്‍ശിക്കുന്നത് വേദങ്ങളിവാണ് പിന്നീട് അറബ് രാജ്യങ്ങളിലൂടെ അത് യൂറോപ്പില്‍ എത്തി. പിന്നീട് പാശ്ചാത്യ ലോകത്തെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി അവ സ്ഥാപിക്കപ്പെട്ടു”- എസ്.സോമനാഥ് പറഞ്ഞു.

സംസ്കൃതത്തിന്റെ പ്രധാന്യവും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എടുത്തു പറഞ്ഞു. “പുരാതന കാലത്ത് ഇന്ത്യയിലെ ശാസ്ത്രകാരന്മാര്‍ ഉപയോഗിച്ചിരുന്ന ഭാഷ സംസ്കൃതം ആയിരുന്നു. എന്നാല്‍ അന്ന് അതിന് ലിപിയുണ്ടായിരുന്നില്ല. വായ്മൊഴിയിലൂടെ ഓര്‍മ്മയില്‍ സൂക്ഷിച്ചാണ് അറിവുകള്‍ കൈമാറിയത്. ഇത് തന്നെയാണ് ഭാഷയെ നിലനിര്‍ത്തിയതും.

സംസ്കൃത ഭാഷയുടെ വാക്യഘടനയും മറ്റും ശാസ്ത്രീയ ചിന്തകളും പ്രവര്‍ത്തനങ്ങളും എഴുതാന്‍ അനുയോജ്യമായതാണ്. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും സംസ്‌കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നു. ഇത് കമ്പ്യൂട്ടറുകളുടെ ഭാഷയ്ക്ക് അനുയോജ്യമാണ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കുന്നവര്‍ക്കും സംസ്കൃത പഠനം നല്ലതാണ്. സംസ്കൃതത്തെ ഇത്തരത്തില്‍ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടക്കുന്നു. ആ പഠനങ്ങള്‍ ഏറെ പുരോഗതിയിലുമാണ്”- എസ്.സോമനാഥ് പറഞ്ഞു.

“സംസ്കൃതത്തിൽ എഴുതപ്പെട്ട ഇന്ത്യൻ സാഹിത്യം യഥാർത്ഥവും ദാർശനികവുമായ രൂപത്തിൽ വളരെ സമ്പന്നമായിരുന്നു. ശാസ്ത്രീയമായും അവ ഏറെ പ്രധാനമാണ്. സംസ്‌കൃതത്തിൽ സാംസ്‌കാരികവും ആത്മീയവും ശാസ്ത്രീയവുമായ പഠനങ്ങള്‍ക്ക് വേർതിരിവില്ല” അദ്ദേഹം പറഞ്ഞു.

“ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, കെമിസ്ട്രി, വ്യോമയാന ശാസ്ത്രം എന്നിവയിലെ കണ്ടെത്തലുകൾ എല്ലാം സംസ്കൃതത്തിലാണ് എഴുതിയത്. എന്നാൽ അവ പൂർണ്ണമായി മനസിലാക്കാനോ ഗവേഷണം നടത്താനോ സാധിച്ചിട്ടില്ല. എട്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകമായ സൂര്യ സിദ്ധാന്തത്തിന്റെ ഉദാഹരണം എടുത്താല്‍ ഒരു റോക്കറ്റ് ശാസ്ത്രജ്ഞനെന്ന നിലയിൽ സൗരയൂഥത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും ഭൂമിയുടെ വലുപ്പത്തെക്കുറിച്ചും ചുറ്റളവുകളെക്കുറിച്ചും സംസാരിക്കുന്ന സംസ്‌കൃതത്തിലുള്ള ഈ പുസ്തകം എന്നെ ആകർഷിച്ചു” – എസ്.സോമനാഥ് ചടങ്ങില്‍ പറഞ്ഞു.

Top