പലസ്തീനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 20 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ജറൂസലം: പലസ്തീനില്‍ ഇസ്രയേല്‍ വ്യേമാക്രമണം. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ കുട്ടികളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആക്രമണത്തില്‍ 65 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥനക്കെത്തിയവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ പട്ടാളത്തിെന്റ വെടിവെപ്പിന് പിന്നാലെയാണ് വ്യോമാക്രമണവും.

ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു. ആക്രമണത്തില്‍ തങ്ങളുടെ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. കിഴക്കന്‍ ജറൂസലം സമ്പൂര്‍ണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്റെ ഭാഗമായി അല്‍ അഖ്‌സ മസ്ജിദിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് വീണ്ടും പലസ്തീനെ സംഘര്‍ഷഭൂമിയാക്കിയത്.

ഇസ്രായേല്‍ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ഇതിന്റെ ഭാഗമായി ശൈഖ് ജര്‍റാഹിലുള്ള താമസക്കാര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് പലസ്തീനികള്‍ സംഘടിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ഇസ്രായേല്‍ സേന അക്രമം അഴിച്ചുവിട്ടത്.’ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തി. ഇതിനെ തുടര്‍ന്ന് ഗസ്സയിലെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഞങ്ങള്‍ തുടങ്ങിയിട്ടുണ്ട്’ സൈനിക വക്താവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Top