ബജറ്റ് പാസായില്ല; ഇസ്രയേലിലെ നെതന്യാഹു സര്‍ക്കാര്‍ നിലംപൊത്തി

ടെല്‍ അവീവ്:ബജറ്റ് പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇസ്രായേലിലെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ നിലംപതിച്ചു. അഭിപ്രായ ഭിന്നതയാണ് ബജറ്റ് പാസാകാത്തതിനു കാരണം. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 2020-21ലെ ബജറ്റ് പാസാക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടിയുടെ നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്റസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 2021 ബജറ്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്.

ആദ്യത്തെ ഒന്നര വര്‍ഷം നെതന്യാഹുവും തുടര്‍ന്നുള്ള ഒന്നര വര്‍ഷം ബെന്നി ഗാന്റ്‌സും പ്രധാനമന്ത്രി പദം വഹിക്കാനായിരുന്നു കരാര്‍. ഇത് പ്രകാരം 2021 നവംബറില്‍ ബെന്നി ഗാന്റ്‌സ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കെയാണ് സര്‍ക്കാരിന്റെ പതനം.

അഴിമതി കേസുകളില്‍ വിചാരണ നേരിടുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്കും പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്റെ വസതിക്കും മുമ്പില്‍ ജനം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 2011ല്‍ സര്‍ക്കാറിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം രാജ്യത്ത് നടക്കുന്ന വലിയ പ്രക്ഷോഭമാണ് നെതന്യാഹുവിനെതിരെ ഉള്ളത്.

കോവിഡിനെ നേരിടാന്‍ ഫലപ്രദമായ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് സാധിക്കാത്തത് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ ശക്തിപ്പെടാന്‍ കാരണമായി. സമ്പന്നരായ സുഹൃത്തുക്കളില്‍ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങള്‍ ചെയ്‌തെന്ന ആരോപണത്തില്‍ നെതന്യാഹുവിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

ഒരു വര്‍ഷത്തിനിെട നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് ഇസ്രായേല്‍ പോകുന്നത്. 2021 മാര്‍ച്ച് 23ന് പുതിയ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019 ഏപ്രില്‍, സെപ്റ്റംബര്‍, 2020 മാര്‍ച്ച് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹു തന്റെ രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് സഖ്യസര്‍ക്കാറിന് രൂപം നല്‍കുകയായിരുന്നു.

Top