ഇസ്രായേല്‍ അനുകൂല പോസ്റ്റ് ; വെട്ടിലായി ചെക്ക് റിപ്പബ്ലിക് അംബാസഡര്‍

കുവൈറ്റ് സിറ്റി: ശക്തമായ ഇസ്രായേല്‍ വിരുദ്ധ വികാരം അലയടിക്കുന്ന കുവൈറ്റില്‍ ഇസ്രായേല്‍ പതാകയുമായി ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്ത് ചെക്ക് റിപ്പബ്ലിക് അംബാസഡര്‍ വെട്ടിലായി. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അംബാസഡര്‍ മാര്‍ട്ടിന്‍ ദവോറക് ഇസ്രായേല്‍ പതാകയുമായി നില്‍ക്കുന്ന തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘ഞാന്‍ ഇസ്രായേലിനൊപ്പം’ എന്ന അടിക്കുറിപ്പും ചിത്രത്തിന് നല്‍കിയിരുന്നു.

അംബാസഡറുടെ ഇസ്രായേല്‍ അനുകൂല പോസ്റ്റ് കുവൈറ്റില്‍ വലിയ പ്രതിഷേധത്തിന് ഇടവരുത്തിയതിനെ തുടര്‍ന്ന് അംബാസഡറെ കുവൈത്ത് വിദേശാര്യമന്ത്രാലയം വിളിച്ചുവരുത്തി. അംബാസഡറുടെ നടപടി ഔദ്യോഗിക സ്ഥാനത്തിന് ചേര്‍ന്നതല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അംബാസഡറുടെ പോസ്റ്റിനോട് വിയോജിക്കുന്നതായും ആ നടപടിയെ തള്ളിക്കളയുന്നതായും മന്ത്രാലയം അദ്ദേഹത്തെ അറിയിച്ചു.

തുടര്‍ന്ന് പോസ്റ്റ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കിയ അംബാസഡര്‍ തന്റെ ചെയ്തിയില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി അറിയിച്ചു. ചെക്ക് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്. കുവൈറ്റികളുടെയും മുസ്ലിം സുഹൃത്തുക്കളുടെ വികാരം മനസ്സിലാക്കാതെയുള്ള പോസ്റ്റായിപ്പോയി അതെന്നും അവരോടെല്ലാം മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Top