ഗാസയെ നെടുകെപ്പിളര്‍ന്ന് ഇസ്രയേല്‍ സൈനിക വിന്യാസം

ഗാസ: ഗാസ മുനമ്പിനെ വടക്കും തെക്കുമായി പകുത്ത് സൈന്യത്തെ വിന്യസിച്ച ഇസ്രയേല്‍ ഇന്നലെയോടെ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞു. കഴിഞ്ഞ മാസം ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ച് കര, വ്യോമാക്രമണം തുടരുകയാണ്.

ഹമാസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ജനവാസകേന്ദ്രങ്ങളില്‍ ഉടന്‍ ആക്രമണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ മൂന്നിടത്ത് ഇസ്രയേല്‍ സേനയുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി ഹമാസിന്റെ അല്‍ ഖസം ബ്രിഗേഡ് അറിയിച്ചു.

3 മണിക്കൂറിനകം തെക്കന്‍ ഗാസയിലേക്കു മാറാന്‍ നിര്‍ദേശം നല്‍കുന്ന ലഘുലേഖകള്‍ ഇസ്രയേല്‍ സൈന്യം വിതരണം ചെയ്തതു ജനങ്ങളെ പരിഭ്രാന്തരാക്കി. വൈദ്യുതി നിലച്ച മേഖലയില്‍ ഇരുള്‍ വീണതോടെ സഞ്ചാരം പോലും അസാധ്യമായി ജനങ്ങള്‍ ബന്ദികളായ നിലയിലാണ്.

അതെസമയം,ഐക്യരാഷ്ട്ര സംഘടനയുടേതടക്കം ഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന 18 ഏജന്‍സികള്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ശുദ്ധജലക്ഷാമവും വൃത്തിഹീനമായ ചുറ്റുപാടുകളും മൂലം അഭയാര്‍ഥി ക്യാംപുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുകയാണെന്നും വിവിധ യുഎന്‍ ഏജന്‍സികളുടെ 88 ജീവനക്കാര്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു.

Top