സൗമ്യയുടെ കുടുംബത്തെ അനുശോചനം അറിയിച്ച് ഇസ്രയേൽ പ്രസിഡൻ്റ് 

ഇടുക്കി: ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ ഭര്‍ത്താവുമായി ഫോണിൽ സംസാരിച്ച് ഇസ്രയേൽ പ്രസിഡൻ്റ് റൂവിൻ റിവ്ലിൻ.  മരണത്തിൽ അനുശോചനം അറിയിക്കാനായിരുന്നു ഇസ്രയേൽ പ്രസിഡൻ്റ്  ഇന്നലെ സന്തോഷിനെ നേരിട്ടു ബന്ധപ്പെട്ടത്. സൗമ്യ മരിച്ച അഷ്ക ലോൺ നഗരത്തിലെ സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ട സന്തോഷിനോട് എപ്പോള്‍ വേണമെങ്കിലും അതിനു സൗകര്യമൊരുക്കാമെന്ന് ഇസ്രയേൽ പ്രസിഡൻ്റ് അറിയിച്ചു.

മെയ് 11നായിരുന്നു ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ സൗമ്യ സന്തോഷ് (30) കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇസ്രയേലിൽ കെയര്‍ ഗിവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. മെയ് 11ന് ഭര്‍ത്താവുമായി ഫോണിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെൻ്റിൽ റോക്കറ്റ് പതിച്ചത്. വീഡിയോ കോളിനിടെ സ്ഥലത്ത് ആക്രമണം നടക്കുകയാണെന്നും തൊട്ടടുത്തുള്ള സുരക്ഷിത ബങ്കറിലേയ്ക്ക് മാറുകയാണെന്നും സൗമ്യ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ സ്ഥോടനമുണ്ടായതായും സ്ക്രീനിൽ പുകപടലങ്ങള്‍ നിറഞ്ഞതായും സന്തോഷ് പറയുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് സൗമ്യയുടെ മരണം സ്ഥിരീകരിക്കപ്പെട്ടത്.

Top