ഇസ്രയേല്‍ പ്രതിനിധി സംഘം യു.എ.ഇയില്‍

യു.എ.ഇ : യു.എസ് – ഇസ്രയേല്‍  പ്രതിനിധി സംഘവുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം അബൂദബിയിലെത്തി. നാല്‍പത് അംഗ യു.എസ്, ഇസ്രായേല്‍ പ്രതിനിധികളാണ് സംഘത്തിലുള്ളത്. സൗദി വ്യോമാതിര്‍ത്തിയിലൂടെയാണ് ഇസ്രായേലി വിമാനം യു.എ.യിലെത്തിയത്.വിമാനത്തിന്റെ കോക് പിറ്റിന്റെ ഭാഗത്ത് സമാധാനം എന്ന് അറബിക്, ഇംഗ്ലീഷ്, ഹീബ്രു ഭാഷകളില്‍ ആലേഖനം ചെയ്തിരുന്നു. യു.എസ് – ഇസ്രയേലി പ്രതിനിധി സംഘവുമായി യുഎ.ഇ നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകനും സീനിയര്‍ ഉപദേഷ്ടാവുമായ ജറദ് കുഷ്‌നറാണ് പ്രതിനിധി സംഘത്തെ നയിച്ചെത്തിയത്. ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവനുമായ മീര്‍ ബെന്‍ ഷാബതും സംഘത്തിലുണ്ട്. പശ്ചിമേഷ്യന്‍ സമാധാനത്തിന് യു.എ.ഇ, ഇസ്രായേല്‍ ബന്ധം നിര്‍ണായക പങ്കു വഹിക്കുമെന്ന് ജെറദ് കുഷ്‌നര്‍ പറഞ്ഞു. ഇറാന്‍ ഉയര്‍ത്തുന്ന വെല്ലുവിളി തടയാന്‍ കൂട്ടായ നീക്കം വേണമെന്നും കുഷ്‌നര്‍ നിര്‍ദേശിച്ചു.

നിക്ഷേപം, ധനകാര്യം, ആരോഗ്യം, ഉള്‍പ്പെടെ എല്ലാ തുറകളിലും ഇസ്രായേലുമായി സഹകരണം വ്യാപിപ്പിക്കാനാണ് യു.എ.ഇ തീരുമാനം. ഇസ്രായേലി ഉത്പന്നങ്ങളുടെ ബഹിഷ്‌കരണ നിയമം കഴിഞ്ഞ ദിവസമാണ് യു.എ.ഇ ഉപേക്ഷിച്ചത്. പ്രതിനിധി സംഘം ഇന്ന് വൈകീട്ട് ടെല്‍ അവീവിലേയ്ക്ക് മടങ്ങും.

Top