Israeli teens pay homage to Charlie Hebdo in cartoon contes

പാരിസ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെ കടലില്‍ മുങ്ങിമരിച്ച സിറിയന്‍ അഭയാര്‍ഥി ബാലന്‍ ഐലന്‍ കുര്‍ദിയെ പരിഹസിക്കുന്ന ഫ്രഞ്ച് മാസികയായ ഷാര്‍ലി എബ്ദോയുടെ കാര്‍ട്ടൂണിനെതിരെ കടുത്ത പ്രതിഷേധം.

പുതുവല്‍സര ദിനത്തില്‍ ജര്‍മനിയിലെ അഭയാര്‍ഥികള്‍ നടത്തിയെന്ന് പറയപ്പെടുന്ന ലൈംഗികാതിക്രമങ്ങളുടെ ചുവടു പിടിച്ചുള്ളതാണ് കാര്‍ട്ടൂണ്‍. മരിച്ചിരുന്നില്ലെങ്കില്‍ ലൈംഗികാതിക്രമം നടത്തുന്ന ഒരു അഭയാര്‍ഥിയായി ഐലന്‍ കുര്‍ദിയും മാറിയേനെ എന്ന ആശയം വരുന്നതാണ് ഷാര്‍ലി എബ്ദോയുടെ കാര്‍ട്ടൂണ്‍.

കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബോട്ടില്‍ നിന്ന് വീണാണ് ഐലാന്‍ കുര്‍ദി മരിച്ചത്. തുര്‍ക്കി തീരത്ത് മരിച്ചു കിടക്കുന്ന ഐലാന്റെ കരളുരുക്കുന്ന ചിത്രമാണ് അഭയാര്‍ഥി പ്രശ്‌നം ലോകശ്രദ്ധയില്‍ പതിയുന്നതിന് ഇടയാക്കിയത്.

അഭയാര്‍ഥികള്‍ എന്ന തലക്കെട്ടോടെ ഉള്ളതാണ് കാര്‍ട്ടൂണ്‍. വംശീയ വിദ്വേഷം ജനിപ്പിക്കുന്നതാണ് ഈ കാര്‍ട്ടൂണെന്നാണ് എതിരായി ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം.

സാമൂഹിക മാധ്യമങ്ങളിലും ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഷാര്‍ലി എബ്ദോ മാസിക ഐലാന്‍ കുര്‍ദിയെ കാര്‍ട്ടൂണുകള്‍ക്ക് വിഷയമാക്കുന്നത് ഇതാദ്യമല്ല.

നേരത്തെ, മുഹമ്മദ് നബിക്കെതിരെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഷാര്‍ലി എബ്ദോയുടെ പാരിസിലെ ഓഫിസിനുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.

ഈ ആക്രമണത്തില്‍ ഷാര്‍ലി എബ്ദോ മാസികയില്‍ പ്രവര്‍ത്തിച്ചുവന്ന 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയായിരുന്നു ഷാര്‍ലി എബ്ദോയ്‌ക്കെതിരായ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം.

Top