26/11 ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട കുട്ടിക്ക് പ്രധാനമന്ത്രിയുടെ ഹൃദയം നിറയ്ക്കുന്ന സന്ദേശം

മുംബൈ ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടമായ ഇസ്രയേലി ആണ്‍കുട്ടിക്ക് അഭിനന്ദന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടിയുടെ കഥ അത്ഭുതവും എല്ലാവര്‍ക്കും പ്രചോദനം ഏകുന്നതുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാക് ഭീകരര്‍ നരിമാന്‍ ഹൗസില്‍ അക്രമം അഴിച്ചുവിട്ടപ്പോഴാണ് അന്ന് രണ്ട് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മോഷെസ്വി ഹോള്‍ട്‌സ്‌ബെര്‍ഗിന് തന്റെ രക്ഷിതാക്കളെ നഷ്ടമായത്.

മരിച്ചുകിടന്ന മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ക്ക് അരികില്‍ കരഞ്ഞുകൊണ്ട് നിന്ന കുട്ടിയെ അവന്റെ ആയയുടെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്. അക്രമം നടക്കുമ്പോള്‍ താഴത്തെ മുറിയില്‍ ഒളിച്ചിരുന്ന സാന്ദ്ര സാമുവല്‍സ് പിന്നീട് ആണ്‍കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പുറത്തുവരുന്ന ചിത്രങ്ങള്‍ ലോകമാകമാനം പ്രചരിച്ചിരുന്നു.

‘ജീവിതയാത്രയില്‍ സുപ്രധാന മാറ്റങ്ങളും, നാഴികക്കല്ലും താണ്ടുമ്പോള്‍ നിങ്ങളുടെ ആയ സാന്ദ്ര സാമുവലിന്റെ ധൈര്യവും, ഇന്ത്യയിലെ ജനങ്ങളുടെ പ്രാര്‍ത്ഥന സുദീര്‍ഘമായ, ആരോഗ്യകരവും, വിജയകരവുമായ ജീവിതത്തിന് അനുഗ്രഹിക്കും’, മോഷെയ്ക്കുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി കുറിച്ചു. മോഷെയുടെ ബാര്‍ മിറ്റ്‌സ്വാ ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഈ സന്ദേശം.

പതിമൂന്നാം വയസ്സില്‍ ജൂതരായ ആണ്‍കുട്ടികള്‍ ആചരിക്കുന്ന ഒരു ആചാരമാണ് ബാര്‍ മിറ്റ്‌സ്വാ. നമ്മുടെ നാട്ടിലെ പൂണൂല്‍ ധാരണത്തിന് സമാനമായ ചടങ്ങാണ് ഇതെന്ന് ഇസ്രയേലി പണ്ഡിതര്‍ പറയുന്നു. ‘നിങ്ങളുടെ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്. ദുരന്തം മറികടക്കുന്ന അത്ഭുതവും,പ്രതീക്ഷയുമാണ് ഇത്’, പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 2017 ജറുസലേം സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി മോദി മോഷെയെ നേരില്‍ കണ്ടിരുന്നു.

Top