സൈനികരെ വീഴ്ത്തി ഹണി ട്രാപ്പ്; പിന്നില്‍ ‘ഹമാസ്’ എന്ന് ഇസ്രയേല്‍

ജറുസലേം: ഹണി ട്രാപ്പ് ഉപയോഗിച്ച് ഇസ്രയേല്‍ സൈനികരുടെ സ്മാര്‍ട് ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ചെറുപ്പക്കാരായ സുന്ദരികളുടെ വ്യാജ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനയായ ഹമാസ് ആണ് സൈനികരുടെ സ്മാര്‍ട് ഫോണുകള്‍ ചോര്‍ത്തിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

സൈനികരുടെ ഫോണിലേക്ക് വ്യാജ നഗ്‌നചിത്രങ്ങള്‍ അയച്ചതിന് ശേഷം ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടും. ഇതു ചെയ്യുക വഴി അവരുടെ സ്മാര്‍ട് ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ സാധിച്ചുവെന്നാണ് വക്താവ് പറയുന്നത്.

ഇസ്രായേലി സൈനികരുടെ ഫോണുകളിലേക്ക് നുഴഞ്ഞുകയറാന്‍ ഹമാസ് ഇതിന് മുമ്പ് മൂന്ന് തവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയുള്ള ശ്രമങ്ങളേക്കാള്‍ ഏറ്റവും സങ്കീര്‍ണ്ണമായത് ഇതായി ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് അഭിപ്രായപ്പെട്ടു.

വൈറസ് ആക്രമണത്തിലൂടെ കംപ്യൂട്ടറുകളും ഫോണുകളും തകരാറിലാക്കാനും ശ്രമമുണ്ടായി. അതേസമയം, നിര്‍ണായക വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

സൗഹൃദം സ്ഥാപിച്ച ശേഷം, ഫോട്ടോകള്‍ കൈമാറാന്‍ തുടങ്ങും. ഇവര്‍ അയച്ച് കൊടുക്കുന്ന ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ മാല്‍വെയറുകള്‍ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്.

സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഐഡിഎഫ് മുമ്പ് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഹാക്കിംഗ് ശ്രമങ്ങള്‍ തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
മുന്നറിയിപ്പ് നല്‍കിയിട്ടും സൈനികരുടെ വിവരം ചോര്‍ന്നതിന്റെ ഞെട്ടലിലാണ് ഇസ്രായേല്‍ സൈന്യം.

Top