ഗസ്സയില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരാള്‍ക്കുമാവില്ല; ബെഞ്ചമിന്‍ നെതന്യാഹു

തെല്‍ അവീവ്: ഗസ്സയില്‍ നിന്നും തങ്ങളെ പിന്തിരിപ്പിക്കാന്‍ ഒരാള്‍ക്കുമാവില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെതതിരെ വിജയം നേടും വരെ ഗസ്സയിലെ യുദ്ധം തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഹേഗിനോ(അന്താരാഷ്ട്ര നീതിന്യായ കോടതി) തിന്മയുടെ അച്ചുതണ്ടിനോ തങ്ങളെ തടയാനാവില്ലെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. ഇത് പരമാര്‍ശിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.വിജയം ഉണ്ടാവുന്നത് വരെ യുദ്ധം തുടരേണ്ടത് അനിവാര്യമാണ്. തങ്ങള്‍ അത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിലൂടെ ഹമാസിന്റെ ഭൂരിപക്ഷം ബറ്റാലിയനുകളും തകര്‍ക്കാന്‍ സാധിച്ചുവെന്നും നെതന്യാഹു അവകാശപ്പെട്ടു.

എന്നാല്‍, വടക്കന്‍ ഗസ്സയില്‍ വിന്യസിക്കപ്പെട്ട സൈനികര്‍ക്ക് ഇപ്പോള്‍ വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ഗസ്സയില്‍ ഇപ്പോഴും അപകടം നിലനില്‍ക്കുന്നുണ്ട്. അത് ഇല്ലാതാവേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.ഗസ്സ യുദ്ധം 100 ദിനം പിന്നിടുമ്പോള്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 10,000 കവിഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിനു ശേഷം ഇസ്രായേല്‍ സേന അഴിച്ചുവിട്ട മാരക ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനത്തിലേറെ പേര്‍ കുട്ടികളാണ്. കാണാതായവരും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരും വേറെ. മരണം സ്ഥിരീകരിക്കാത്തതിനാല്‍ ഇവരെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Top