ഇസ്രയേലി പ്രസിഡന്റ് റുവേന്‍ റിവിലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഇസ്രയേലി പ്രസിഡന്റ് റുവേന്‍ റിവിലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍.

തങ്ങളുടെ രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഇസ്രയേലി പ്രസിഡന്റ് നടത്തുന്നതെന്നും ആലോചനകളില്ലാത്ത ഇത്തരം പരാമര്‍ശങ്ങള്‍ ഇനി നടത്തരുതെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ബഹ്‌റാം ഖ്വസേമി പറഞ്ഞു.

ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ നടത്തുന്ന ഇത്തരം നീചവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ അവരുടെ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും, ഇറാന്റെ സംസ്‌കാരത്തെ തന്നെ അധിഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഇസ്രയേലി പ്രസിഡന്റ് നടത്തിയതെന്നും കുറ്റപ്പെടുത്തി. ഇനി ഇതുണ്ടാവരുതെന്നു ഖ്വസേമി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അമേരിക്ക ഇറാന് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നായിരുന്നു ഇസ്രയേലി പ്രസിഡന്റ് കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനോട് ആഹ്വാനം ചെയ്തത്. ലോകത്തിന്റെ നിലനില്‍പിനു തന്നെ ഇത്തരം ഉപരോധങ്ങള്‍ നല്ലതാണെന്നുള്ള റിവിലിന്റെ പരാമര്‍ശങ്ങളും ഇറാനെ ചൊടിപ്പിച്ചിരുന്നു.

Top