മിസൈൽ ആക്രമണം പോലും ചെറുക്കുന്ന സുരക്ഷയുള്ള ‘എല്‍ അല്‍’ ഇസ്രയേൽ യാത്രാവിമാനം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എല്‍ അല്‍. ഇസ്രയേലിന്റെ എയര്‍ലൈനായ എൽ അല്‍ 2004 മുതല്‍ തന്നെ അവരുടെ വിമാനങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു പതിറ്റാണ്ടു മുമ്പ് സ്ഥാപിച്ച ഈ സംവിധാനങ്ങളില്‍ പിന്നീട് അവര്‍ കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ ആക്രമണ സാധ്യതയുള്ള എയര്‍ലൈനുകളില്‍ മുന്നിലാണ് ഇസ്രയേലി എയര്‍ലൈന്‍. ഇതാണ് സുരക്ഷയ്ക്ക് ഇവര്‍ പരമ പ്രധാനം കൊടുക്കാനുള്ള കാരണവും.

എല്‍ അല്‍ വിമാനങ്ങളില്‍ മിസൈല്‍ പ്രതിരോധം ഘടിപ്പിക്കാന്‍ കാരണമായ സംഭവം നടന്നത് 2002 നവംബറിലാണ്. കെനിയയുടെ ആകാശത്തു കൂടെ പറക്കുകയായിരുന്ന ഇസ്രയേലിന്റെ അര്‍കിയ ബോയിങ് 757 വിമാനത്തിനു നേരെ കരയില്‍ നിന്നും മിസൈല്‍ ആക്രമണമുണ്ടായി. കെനിയയിലെ ഭീകരര്‍ നടത്തിയ MANPADS ആക്രമണത്തില്‍ നിന്നും ഭാഗ്യം കൊണ്ടു മാത്രമാണ് വിമാനം രക്ഷപ്പെട്ടത്. അന്ന് മിസൈല്‍ ഇസ്രയേലി വിമാനത്തില്‍ പതിച്ചിരുന്നെങ്കില്‍ 200ലേറെ പേരുടെ ജീവനാണ് അപകടത്തിലാകുമായിരുന്നത്.

ഈയൊരു സംഭവത്തിനു ശേഷമാണ് തങ്ങളുടെ വിമാനങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍ തീരുമാനിക്കുന്നത്. തോളില്‍ വച്ച് തൊടുക്കാവുന്ന മിസൈലുകളും ഹ്രസ്വദൂര മിസൈലുകളുമാണ് വിമാനങ്ങള്‍ക്കു ഭീഷണി. വിമാനത്തില്‍ നിന്നും പുറത്തു വരുന്ന ചൂടിനെ പിന്തുടര്‍ന്നാണ് ഇത്തരം മിസൈലുകള്‍ ലക്ഷ്യത്തിലേക്കെത്തുന്നത്. ആക്രമിക്കാന്‍ വരുന്ന മിസൈലിനെ തിരിച്ച് ആക്രമിക്കുന്ന രീതിയല്ല വിമാനങ്ങളിലെ മിസൈല്‍ പ്രതിരോധത്തിനുള്ളത്. മറിച്ച് തീപ്പൊരികളും ലേസറുകളും ഉപയോഗിച്ച് മിസൈലുകളെ ലക്ഷ്യത്തില്‍ നിന്നും വഴി മാറ്റി വിടുകയാണു ചെയ്യുന്നത്.

വിമാനത്തിന്റെ നടുഭാഗത്തായാണ് 2.7 മീറ്റര്‍ വലുപ്പമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. പൂര്‍ണമായും ഓട്ടമാറ്റിക്കായാണ് ഇത് പ്രവര്‍ത്തിക്കുക. വിമാനത്തിന്റെ റഡാറില്‍ മിസൈലിന്റെ സാന്നിധ്യത്തെക്കുറിച്ചു സൂചന ലഭിച്ചാല്‍ രണ്ടു സെക്കന്‍ഡിനുള്ളില്‍ ഇവ പ്രവര്‍ത്തനം ആരംഭിക്കും. ലേസറുകളും തീപ്പൊരികളും പുറപ്പെടുവിച്ച് മിസൈലുകളെ വഴി മാറ്റി വിടുകയും ചെയ്യും. ഇതിനു ശേഷം മാത്രമേ പൈലറ്റു പോലും വിമാനത്തിനു നേരെ മിസൈല്‍ ആക്രമണമുണ്ടായ വിവരം അറിയുകയുള്ളൂ.

മാന്‍പാഡ്‌സ് എന്നു വിളിക്കുന്ന മാന്‍ പോര്‍ട്ടബിള്‍ എയര്‍ ഡിഫെന്‍സ് സിസ്റ്റംസാണ് വിമാനങ്ങളുടെ പ്രധാന വെല്ലുവിളി. തോളില്‍ വച്ച് തൊടുക്കാവുന്ന ഇത്തരം മിസൈലുകള്‍ ഉപയോഗിച്ചു താഴ്ന്നു പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വയ്ക്കാനാകും. പല രാജ്യങ്ങളിലേയും ഭീകര സംഘടനകളുടെ പക്കല്‍ മാന്‍പാഡുകള്‍ ധാരാളമായുണ്ട്. ഔദ്യോഗിക സര്‍ക്കാരുകള്‍ അറിയുക പോലും ചെയ്യാതെ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ള നിരവധി സംഘങ്ങള്‍ ആഗോള തലത്തിലുണ്ട്. ഈയൊരു ഭീതിയാണ് ഇസ്രയേലി എയര്‍ലൈനായ അല്‍ എല്ലിനെ വിമാനങ്ങളില്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചതും.

Top