ഇസ്രയേലിനെ ആക്രമിച്ചവര്‍ സ്വന്തം മരണവാറണ്ടില്‍ ഒപ്പുവെച്ചുകഴിഞ്ഞുവെന്ന് ഇസ്രയേല്‍ മൊസാദിന്റെ തലവന്‍

ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ പങ്കുള്ള ഓരോരുത്തരും സ്വന്തം മരണവാറണ്ടില്‍ ഒപ്പുവെച്ചുകഴിഞ്ഞുവെന്ന് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബര്‍നിയ. ടൈംസ് ഓഫ് ഇസ്രയേലാണ് അദ്ദേഹത്തിന്റെ പ്രതികരണം റിപ്പോര്‍ട്ടുചെയ്തത്.

’50 വര്‍ഷം മുന്‍പത്തെപ്പോലെ ഇന്നും നാം യുദ്ധത്തിന്റെ നടുവിലാണ്. ഗാസ അതിര്‍ത്തി താണ്ടി ആക്രമണം നടത്തിയ കൊലപാതകികളും അതിന് നിര്‍ദേശിച്ചവരും ഓര്‍ത്തുവെയ്ക്കണം. എവിടെയാണെങ്കിലും അവരെ നമ്മുടെ കൈകളില്‍ കിട്ടും. സമീറിന്റെ ആത്മാവ് നമുക്കൊപ്പമുണ്ടാവും. തന്റെ മകന്‍ സ്വന്തം മരണവാറണ്ടില്‍ ഒപ്പുവെച്ചുവെന്നത് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും അറബ് മാതാക്കള്‍ അറിയട്ടെ’- ബര്‍നിയ പ്രസംഗത്തില്‍ പറഞ്ഞു. 1968 മുതല്‍ 1974 വരെ സ്വി സമീര്‍ ആയിരുന്നു മൊസാദിനെ നയിച്ചത്. 98-ാം വയസ്സില്‍ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന്റെ അന്ത്യം വരും.അതേസമയം, ഹമാസ് തലവന്‍ സലാഹ് അല്‍ അറൂറി കൊല്ലപ്പെട്ടതിനു ദിവസങ്ങള്‍ക്കുള്ളിലാണ് ബര്‍നിയയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അറൂരിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് സായുധസംഘടനയായ ഹിസ്ബുല്ല നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുന്‍ മൊസാദ് തലവന്‍ സ്വി സമീറിന്റെ ശവസംസ്‌കാര ചടങ്ങിനിടെയായിരുന്നു ഹമാസിനുള്ള ബര്‍നിയയുടെ മുന്നറിയിപ്പ്. ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള ഇസ്രയേലിന്റെ ദൗത്യത്തിന് പൂര്‍ണപിന്തുണ നല്‍കിയ ആളായിരുന്നു സമീര്‍. 1972-ല്‍ മ്യൂണിക് ഒളിമ്പിക്സിലെ 11 ഇസ്രയേലി അത്ലറ്റുകളെ കൊലപ്പെടുത്തിയവരെ ഇല്ലാതാക്കാന്‍ പതിറ്റാണ്ടുകള്‍നീണ്ട പോരാട്ടമാണ് അദ്ദേഹം നടത്തിയത്.

Top