സുലൈമാനി വധം; യുഎസിന്റെ ദൂതന്‍ ഇസ്രയേലി ഇന്റലിജന്‍സ്?ദൗത്യം അറിഞ്ഞത് ഇയാള്‍ മാത്രം!

മുതിര്‍ന്ന ഇറാനിയന്‍ ജനറല്‍ കാസെം സുലൈമാനിയെ വധിച്ച നീക്കങ്ങള്‍ക്ക് അമേരിക്ക ആശ്രയിച്ചത് ഇസ്രയേലി ഇന്റലിജന്‍സിനെ! ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ കുദ്‌സ് സേനയുടെ മേധാവിയായിരുന്നു സുലൈമാനി. ജനുവരി 3ന് ഡമാസ്‌കസില്‍ നിന്നും ബാഗ്ദാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ ഇറാന്‍ ജനറല്‍ യാത്ര തുടരവെയാണ് യുഎസ് ഡ്രോണ്‍ അക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

സുലൈമാനി യാത്ര ചെയ്യാന്‍ സാധ്യതയുള്ള വിമാനത്തെക്കുറിച്ച് ഡമാസ്‌കസില്‍ നിന്നുള്ള വിവരങ്ങളാണ് സിഐഎ പ്രയോജനപ്പെടുത്തിയത്. ആ വിവരങ്ങള്‍ ഇസ്രയേലി ഇന്റലിജന്‍സ് പരിശോധിച്ച് സ്ഥിരീകരിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ ഞെട്ടിച്ച അമേരിക്കയുടെ ആ നീക്കങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്ന ഏക വിദേശ നേതാവ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആയിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നത്.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വധത്തെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയോട് സംസാരിച്ചിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ബാഗ്ദാദിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും യുഎസിന് സഹായങ്ങള്‍ ചെയ്തുനല്‍കിയെന്ന് ഇറാഖ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇറാഖിലേക്ക് സുലൈമാനി യാത്ര ചെയ്യാന്‍ ഉപയോഗിച്ച ചാം വിംഗ്‌സ് വിമാന കമ്പനിയുടെ രണ്ട് ജീവനക്കാരും വിവരങ്ങള്‍ ലഭ്യമാക്കി. ചാം വിംഗ്‌സിലെ ഒരു ജോലിക്കാരന്‍ ഡമാസ്‌കസ് എയര്‍പോര്‍ട്ടിലെ ചാരനും, രണ്ടാമത്തെ വ്യക്തി വിമാനത്തില്‍ ജോലി ചെയ്തിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിവരങ്ങള്‍ കൈമാറിയ നാല് പേരും അറസ്റ്റിലായിട്ടില്ല. യുഎസ് സൈന്യത്തിന് വിവരങ്ങള്‍ ലഭ്യമാക്കുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണ് ഇവരെന്നും ഇറാഖി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധ യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ ബ്ലാക് & വൈറ്റ് ഇന്‍ഫ്രാറെഡ് വീഡിയോയില്‍ വധം ലൈവ് സ്ട്രീമില്‍ കാണുകയും ചെയ്തു. സിഐഎ ഡയറക്ടര്‍ ജിനാ ഹാസ്‌പെല്‍ ഏജന്‍സിയുടെ ലാംഗ്ലിയിലെ ആസ്ഥാനത്ത് നിനാണ് ഡ്രോണ്‍ അക്രമണം കണ്ടത്. ഡിഫന്‍സ് സെക്രട്ടറി മാര്‍ക് എസ്‌പെര്‍ വെളിപ്പെടുത്താത്ത ഇടത്ത് നിന്നും, മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ വൈറ് ഹൗസിലും, പ്രസിഡന്റ് ട്രംപ് ഫ്‌ളോറിഡയിലെ മാര്‍ആലാഗോ റിസോര്‍ട്ടില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടു.

Top