അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേനയുടെ റെയ്‌ഡ്; 2 പലസ്തീൻകാരെ കൊലപ്പെടുത്തി

ജറുസലം : അധിനിവേശ വെസ്റ്റ്‌ബാങ്കിലെ നബ്‌ലുസ് പട്ടണത്തിൽ ഇസ്രയേൽ സേന 2 പലസ്തീൻ യുവാക്കളെ വെടിവച്ചുകൊന്നു. ഇന്നലെ പുലർച്ചെ നടത്തിയ റെയ്‌ഡിനിടെയാണു ഹംസ മഖ്ബൂൽ (32), ഖൈരി ഷഹീൻ (34) എന്നിവർ കൊല്ലപ്പെട്ടത്. ഒരാഴ്ച മുൻപു പൊലീസ് വാഹനത്തിനുനേരെ നടന്ന ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ചാണു സേന ഇവരെ തിരഞ്ഞെത്തിയത്.

കഴിഞ്ഞയാഴ്ച ജെനിൻ പട്ടണത്തിലെ അഭയാർഥിക്യാംപിൽ ഇസ്രയേൽ നടത്തിയ റെയ്ഡ് 2 ദിവസം നീണ്ടു; 14 പലസ്തീൻകാർ കൊല്ലപ്പെട്ടു. ജെനിനിലെ ആക്രമണത്തെ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു.

വടക്കൻ വെസ്റ്റ്ബാങ്കിലെ നബ്‌ലുസ്, ജെനിൻ പട്ടണങ്ങളിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഈ വർഷം ഇതുവരെ 150 പലസ്തീൻകാർ കൊല്ലപ്പെട്ടു. പ്രത്യാക്രമണങ്ങളിൽ 27 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.

Top