സിറിയന്‍ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം

ടെല്‍ അവീവ്: സിറിയന്‍ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം. ഇസ്രായേല്‍ സൈന്യമാണ് ആക്രമണം നടത്തിയ വിവരം അറിയിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്.റോക്കറ്റാക്രമണത്തിന് മറുപടിയായാണ് സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഇസ്രായേലിനെ ലക്ഷ്യമിട്ട് രണ്ട് റോക്കറ്റുകളാണ് സിറിയയില്‍ നിന്ന് വന്നത്. ഈ റോക്കറ്റുകള്‍ തൊടുത്തുവിട്ട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രായേല്‍ സേന അവകാശപ്പെട്ടു. ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇസ്രായേല്‍ പുറത്ത് വിട്ടിട്ടില്ല. ഇതുസംബന്ധിച്ച് സിറിയയില്‍ നിന്നും ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.

അതേസമയം, ഏറ്റവും മാരക ബോംബിങ്ങിലൂടെ 24 മണിക്കൂറിനുള്ളില്‍ 704 ഗസ്സ നിവാസികളെ ഇസ്രായേല്‍ കൊന്നു. ഇതില്‍ 180 ഓളം കുട്ടികളാണ്. ഇതോടെ ആകെ മരണം 5,791 ആയി. ആകെ 2000 കുട്ടികളാണ് മരിച്ചുവീണത്. ഗസ്സയിലെ മനുഷ്യക്കുരുതിയില്‍ ഐക്യരാഷ്ട്ര സഭ അനങ്ങുന്നില്ലെന്ന് മുതിര്‍ന്ന ഫലസ്തീന്‍ പ്രതിനിധി വിമര്‍ശിച്ചു.

വടക്കന്‍ ഗസ്സയില്‍ ആക്രമണം കടുപ്പിക്കുമെന്നും ഗസ്സ സിറ്റിയാണ് ലക്ഷ്യമെന്നും ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ ബാക്കിയുള്ളവര്‍ തെക്കന്‍ മേഖലയിലേക്ക് ഉടന്‍ മാറണമെന്നും ഇസ്രായേല്‍ സേന വീണ്ടും അന്ത്യശാസനം നല്‍കി. അതേസമയം, തെക്കന്‍ മേഖലകളിലും ബോംബിങ് തുടരുന്നുമുണ്ട്. ഗസ്സക്ക് മാനുഷിക സഹായം ലഭ്യമാക്കുമെന്ന വാഗ്ദാനം പാഴാവുകയാണെന്നും ട്രക്കുകള്‍ക്ക് സഞ്ചരിക്കാന്‍ ഇന്ധനം ലഭിച്ചില്ലെങ്കില്‍ വിതരണം നിര്‍ത്തുമെന്നും ഐക്യരാഷ്ട്ര സഭ ഏജന്‍സി അറിയിച്ചു.

Top