ഗാസയില്‍ ഇസ്രയേല്‍ ആക്രമണം 88-ാം ദിവസം പിന്നിട്ടു; 22,000 കടന്ന് മരണസംഖ്യ

ഖാന്‍ യൂനിസ് : ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം 88-ാം ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 22,000 കടന്നു. ഗാസ ആരോഗ്യ മന്ത്രാലയമാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 207 പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നും 338 പേര്‍ക്ക് പരിക്കേറ്റുവെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഇന്നുവരെ 22,185 പേരാണ് ഗാസയില്‍ ആകെ മരിച്ചത്. ഇതിൽ 9100 പേർ കുട്ടികളാണ്. ഗാസയിൽ 57,035 പേര്‍ക്ക് ഇതുവരെ പരിക്കേറ്റു. ഇതിന് പുറമെ ഇസ്രയേല്‍ അധീന വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ 324 പാലസ്തീനികള്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 3800 പേര്‍ക്ക് പരിക്കറ്റിട്ടുമുണ്ട്.

ഇസ്രയേല്‍ പ്രതിരോധ സേനയിലെ (ഐ.ഡി.എഫ്) 173 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക കണക്ക്. 965 സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലില്‍ 1200 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

യുദ്ധത്തിന് ശേഷം ഗാസയെ വിവിധ ഭാഗങ്ങളാക്കി തിരിക്കാനും ഓരോ ഭാഗവും ഭരിക്കാന്‍ ഗോത്രവര്‍ഗങ്ങളെ ഏല്‍പ്പിക്കാനും ഇസ്രയേല്‍സേന ശ്രമം നടത്തിയിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഇസ്രയേല്‍ സൈന്യം ഗാസയിലെ പാലസ്തീന്‍ ഗോത്രവര്‍ഗങ്ങളുടെ സുപ്രീം അതോറിറ്റിയെ സമീപിച്ചു. എന്നാല്‍ ഇസ്രയേലിന്റെ നിര്‍ദ്ദേശത്തെ സുപ്രീം അതോറിറ്റി തള്ളി.

ഗാസയിലെ പരാജയം മറച്ചുവയ്ക്കാനും പാലസ്തീനി സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് സുപ്രീം അതോറിറ്റി ഫോര്‍ പലസ്തീനിയന്‍ ട്രൈബ്‌സിന്റെ കമ്മീഷണര്‍ ജനറല്‍ അകെഫ് അല്‍ മസ്രി പ്രസ്താവനയില്‍ പറഞ്ഞു. ഹമാസ്, ഫതഹ് വേര്‍തിരിവുകള്‍ അവസാനിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം സിറിയയിലും ലെബനനിലും ആക്രമണം നടത്തിയതായി ഐ.ഡി.എഫ്. അറിയിച്ചു. സിറിയയിലെ സൈനിക താവളവും ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രവുമാണ് ആക്രമിച്ചതെന്ന് ഐ.ഡി.എഫ്. എക്‌സിലൂടെ അറിയിച്ചു.

Top