ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേല്‍ സൈന്യം

ഗാസ: ഗാസയിലെ അല്‍ഷിഫ ആശുപത്രിയിലേക്ക് ഇരച്ചു കയറി ഇസ്രയേല്‍ സൈന്യം. ആശുപത്രിക്കടിയിലെ ഹമാസിന്റെ കമാണ്ടര്‍ കേന്ദ്രം തകര്‍ക്കാനുള്ള സൈനിക നടപടിയാണിതെന്നാണ് ഇസ്രയേല്‍ വിശദീകരണം. മൂവായിരം അഭയാര്‍ത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പില്‍ കൂട്ടമായി സംസ്‌കരിച്ചിരുന്നു. വടക്കന്‍ ഗാസയുടെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു.

അല്‍ഷിഫ ആശുപത്രിയെ മറയാക്കി ഹമാസിന്റെ വലിയ ടണല്‍ നെറ്റ്വര്‍ക്കുണ്ടെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ആശുപത്രിക്ക് താഴെയുള്ള ഭൂഗര്‍ഭ തുരങ്കത്തിലാണ് ഹമാസിന്റെ ആസ്ഥാനമെന്നും രോഗികളെ മനുഷ്യകവചമാക്കുകയാണ് ഹമാസെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. അല്‍ ഷിഫാ ആശുപത്രിക്ക് നേരെ വലിയ ആക്രമണത്തിന് ഇസ്രയേല്‍ കോപ്പുകൂട്ടുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അല്‍ ഷിഫാ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതോടെ 3 നവജാതശിശുക്കള്‍ മരിച്ചുവെന്നും ശേഷിക്കുന്ന കുഞ്ഞുങ്ങള്‍ മരണത്തിന്റെ വക്കിലാണെന്നും അറിയിച്ച ഡോക്ടര്‍മാര്‍ ദൃശ്യങ്ങളടക്കം പുറത്തുവിട്ടിരുന്നു.

കടുത്ത ഇന്ധനക്ഷാമം സെന്‍ട്രല്‍ ഗസ്സയിലെ ആംബുലന്‍സ് സേവനത്തെ ഗുരുതരമായി ബാധിച്ചുവെന്ന് യു.എന്‍. ആംബുലന്‍സുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും യു.എന്‍ അറിയിച്ചു. അതേസമയം, യു.എന്‍ ട്രക്കുകള്‍ക്ക് ഇന്ധനം നല്‍കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. യു.എന്‍ ട്രക്കുകള്‍ക്ക് 24,000 ലിറ്റര്‍ ഡീസല്‍ നല്‍കാന്‍ നെതന്യാഹു അനുമതി നല്‍കിയെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എന്നാല്‍, ആംബുലന്‍സുകളുടെ കാര്യത്തില്‍ തീരുമാനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Top