ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്മാരെ വെടിവെച്ചുകൊന്ന് ഇസ്രായേല്‍ സൈന്യം

ഗസ്സ സിറ്റി: ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്മാരെ വെടിവെച്ചുകൊന്ന് ഇസ്രായേല്‍ സൈന്യം. വടക്കന്‍ ഗസ്സയിലെ ശുജാഇയ്യയിലെ പോരാട്ടത്തിനിടെയാണ് സംഭവം. മൂന്നു പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അക്രമത്തിന് എത്തിയവരെന്ന് സംശയിച്ച് മൂന്നുപേര്‍ക്കെതിരെയും സേന വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് ഇവര്‍ നേരത്തെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്മാണെന്ന് വ്യക്തമായത്.

ഒക്ടോബര്‍ ഏഴിന് നിര്‍ ആമിലെ തൊഴില്‍ സ്ഥലത്തുനിന്നാണ് ഇവരെ ഹമാസ് റാഞ്ചിയിരുന്നത്. വെടിവെച്ചുകൊന്ന ശേഷം സംശയം വന്നതോടെയാണ് പരിശോധന നടത്തിയതെന്നും തിരിച്ചറിഞ്ഞതെന്നും ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ബന്ദികളെ ഹമാസ് ഉപേക്ഷിച്ചതാകാമെന്നും അതല്ല, ഓടിരക്ഷപ്പെട്ടതാകാനും സാധ്യതയുള്ളതായി ഹഗാരി പറഞ്ഞു. സംഭവത്തില്‍ ഇസ്രായേല്‍ സൈന്യം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ശുജാഇയ്യയില്‍ ഒളിയാക്രമണത്തിലാണ് 10 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നത്. ഇവിടെ ഇപ്പോഴും പോരാട്ടം രൂക്ഷമായി തുടരുകയാണ്.

Top