ഇസ്രായേല്‍ വ്യോമാക്രമണം ഇതുവരെയുണ്ടായതില്‍ വെച്ച് കനത്തത്; മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകര്‍ന്നു

സ്സയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം ഇതുവരെയുണ്ടായതില്‍ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് റിപ്പോര്‍ട്ട്. ഗസ്സ നഗരത്തില്‍ ഉടനീളം ഉഗ്രസ്‌ഫോടനങ്ങളാണ് ഉണ്ടായത്. വ്യോമാക്രമണത്തില്‍ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരുകയും ഇന്റര്‍നെറ്റ് സംവിധാനം താറുമാറാവുകയും ചെയ്തു. ഹമാസിന്റെ ഭൂഗര്‍ഭ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. കരയുദ്ധം വ്യാപിപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. ഫലസ്തീന്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമാകുകയും ഇസ്രായേല്‍ കരയുദ്ധം പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് തീരുമാനം. ഗസ്സയില്‍ ആവശ്യമായ മാനുഷിക സഹായം എത്തിക്കാനും തീരുമാനിച്ചു. വോട്ടെടുപ്പില്‍ 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും 14 രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഇന്ത്യയടക്കമുള്ള 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

അതിനിടെ, നേരം പുലരുമ്പോള്‍ ഗസ്സയുടെ ചെറുത്തുനില്‍പ്പിന്റെ ചിത്രം ലോകം കാണുമെന്ന് ഹമാസ് അറിയിച്ചു. ഹമാസ് നേതാവ് ഉസാമ ഹംദാന്റേതാണ് പ്രതികരണം. ഗസ്സയിലേക്ക് പ്രവേശിച്ച ഇസ്രയേല്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതായും ഹമാസ് അറിയിച്ചു. ഹമാസിനെ തുടച്ചുനീക്കാനാണ് തീരുമാനമെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി. നാസികളെയും, ഐഎസ്‌ഐസിനെയും ലോകം ഇല്ലാതാക്കിയത് പോലെ ഹമാസിനെയും തുടച്ചുനീക്കുമെന്നാണ് പരാമര്‍ശം.

Top