ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്കുനേരെയും ഇസ്രയേല്‍ വ്യോമാക്രമണം

രുപത്തിനാല് മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്ന് ഗാസയില്‍ നിന്നു പലായനം ചെയ്ത പലസ്തീനി അഭയാര്‍ഥികള്‍ക്കു നേരേ വ്യോമാക്രണം നടത്തി ഇസ്രയേല്‍. സ്വന്തം മണ്ണില്‍ നിന്ന് കാറുകളിലും ട്രക്കുകളിലുമായി ജീവനും കൊണ്ടു രക്ഷപെടുകയായിരുന്ന കുട്ടികളടക്കമുള്ള സംഘത്തിനു നേര്‍ക്കാണ് ആക്രമണം നടന്നത്. കുട്ടികളടക്കം എഴുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഗാസയില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കവിഞ്ഞു.

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെയായിരുന്നു ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. താര്‍ അല്‍ സുഡാനി, മഹര്‍ നസേ എന്നീ റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പ് പ്രസ് എന്ന് എഴുതിയ ഹെല്‍മെറ്റും ഫ്ളാക്ക് ജാക്കറ്റും ധരിച്ചിരിക്കുന്ന ഫോട്ടോ ഇസ്സാം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

തെക്കന്‍ ലെബനനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ വീഡിയോ ജേര്‍ണലിസ്റ്റ് ഇസ്സാം അബ്ദുള്ള കൊല്ലപ്പെട്ടു. കൂടാതെ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റോയിട്ടേഴ്സിനെ കൂടാതെ അല്‍ ജസീറയും ഏജന്‍സ് ഫ്രാന്‍സ് പ്രസും(എഎഫ്പി) ഉള്‍പ്പെടെയുള്ള മാധ്യമസംഘം ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നള്ള അല്‍മ അല്‍ ഷാബില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ദാരുണ സംഭവം. അതിര്‍ത്തിയില്‍ ഹിസ്ബുള്ളയും ഇസ്രയേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയത്.

 

 

Top