ഹമാസ് യുദ്ധം അവസാനിപ്പിച്ചാൽ ഗാസയിലെ ജനങ്ങൾക്ക് ഇസ്രയേൽ സംരക്ഷണം നൽകും: ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് യുദ്ധം അവസാനിപ്പിച്ചാൽ ഗാസയിലെ ജനങ്ങൾക്ക് ഇസ്രയേൽ സംരക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യു.എസ് ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹമാസ് തടവിലാക്കിയ മുഴുവൻ ബന്ദികളെയും വിട്ടുതരാതെ ഗാസയിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്നും, താൽക്കാലിക വെടിനിർത്തലുകൾ ഉണ്ടാകുമെന്നും ഇത് തങ്ങൾ നേരത്തേയും ചെയ്തിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

‘യുദ്ധം കഴിഞ്ഞാൽ ഗാസ ആര് ഭരിക്കുമെന്ന കാര്യത്തിൽ ഇസ്രയേലിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഹമാസിന്റെ മാർഗമാകില്ല ഇസ്രയേൽ ഗാസയിൽ അവലംബിക്കുക. ഹമാസിനെ താൽപ്പര്യമില്ലാത്ത ഗാസയിലെ ജനങ്ങളുടെ സുരക്ഷാചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേൽ ഏറ്റെടുക്കും. കാരണം, അത് ഞങ്ങൾ ചെയ്യാതിരുന്ന കാലത്ത് എന്താണുണ്ടായതെന്ന് നമ്മൾ കണ്ടതാണ്. ഗാസയുടെ സുരക്ഷാചുമതല ഞങ്ങൾക്ക് ഇല്ലെങ്കിൽ നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തല പൊക്കുക’, നെതന്യാഹു പറഞ്ഞു.

‘ബന്ദിയാക്കപ്പെട്ട ഞങ്ങളുടെ ആളുകളെ മോചിപ്പിക്കാതെ ഗാസയിൽ വെടിനിർത്തൽ ഉണ്ടാകില്ല. എന്നാൽ, അവിടവിടെയായി ഒരു മണിക്കൂർ ദൈർഘ്യമുള്ള താൽക്കാലിക വെടിനിർത്തലുകൾ ഉണ്ടാകും. ഞങ്ങൾ മുമ്പും അത് ചെയ്തിട്ടുണ്ട്. ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും ബന്ദികളെ ഒറ്റയ്ക്കോ കൂട്ടമായോ മോചിപ്പിക്കാനുമായി സാഹചര്യം പരിശോധിച്ച് ഞങ്ങൾ അത് ചെയ്യും. പക്ഷേ പൂർണ്ണമായ വെടിനിർത്തൽ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല’, മനുഷ്യത്വപരമായ വെടിനിർത്തൽ വേണമെന്ന് യു.എസ്. നിർദ്ദേശിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിയായി നെതന്യാഹു പറഞ്ഞു.

‘പൂർണ്ണമായ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ അത് ബന്ദികളാക്കപ്പെട്ടവരെ സ്വതന്ത്രരാക്കാനുള്ള ഞങ്ങളുടെ പോരാട്ടവീര്യത്തെ ബാധിക്കും. കാരണം, ഹമാസിന്റെ കുറ്റവാളികളെ നേരിടാനുള്ള ഏകമാർഗം സൈനികനടപടിയാണ്. അതാണ് ഞങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്’, നെതന്യാഹു തുടർന്നു. ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചാൽ വെടിനിർത്തൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ‘ആ ആവശ്യത്തിനായി വെടിനിർത്തൽ ഉണ്ടാകും’ എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.

Top